Flash News

സഖ്യത്തെക്കാളുപരി പാകിസ്താന്‍ ഭീഷണിയെന്ന് യുഎസ് റിപോര്‍ട്ട്‌



വാഷിങ്ടണ്‍: സഖ്യരാജ്യത്തെക്കാളുപരി പാകിസ്താന്‍ യുഎസിന് ഭീഷണിയാണെന്ന് ചിന്താ സ്ഥാപനത്തിന്റെ മുന്നറിയിപ്പ്. സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് ആന്റ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിന്റെ (സിഎസ്‌ഐഎസ്) പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരോധിത സംഘടനകളായ താലിബാന്‍, ഹഖാനിശൃംഖല എന്നിവയ്ക്ക് താവളമൊരുക്കുന്ന നടപടി പാകിസ്താന്‍ ഇപ്പോഴും തുടരുകയാണെന്നും അവര്‍ക്കെതിരേ കടുത്ത നടപടികള്‍ എടുത്തില്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന കാര്യം പാകിസ്താനെ അറിയിക്കണമെന്നും സിഎസ്‌ഐഎസ് റിപോര്‍ട്ടില്‍ പറയുന്നു. സായുധസംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ശിക്ഷാനടപടികള്‍ നടപ്പാക്കണമെന്നും റിപോര്‍ട്ടിലുണ്ട്. സായുധസംഘങ്ങളുടെ പറുദീസയാണ് പാകിസ്താന്‍. സഖ്യരാജ്യത്തേക്കാളുപരി ഭീഷണി ആയതിനാല്‍ അഫ്ഗാനില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം തുടരണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. ദാരിദ്ര്യം, ആഭ്യന്തരപ്രശ്‌നം, ഭരണ നിര്‍വഹണം എന്നിവയോടുള്ള അഫ്ഗാന്റെ പോരാട്ടം ദുര്‍ബലമാണെന്നും അവര്‍ മെച്ചപ്പെടുന്നതുവരെ യുഎസ് സൈനികസാന്നിധ്യം തുടരുന്നത് ന്യായീകരിക്കപ്പെടുമെന്നും സിഎസ്‌ഐഎസ് സ്റ്റ്രാറ്റജി തലവന്‍ ആന്റണി എച്ച് കോര്‍ഡ്‌സ്മാന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it