സഖറിയാസ് മാര്‍ തിയോഫിലസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

തിരുവല്ല: മാര്‍ത്തോമ്മ സുറിയാനി സഭ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാര്‍ തിയോഫിലസ് (77) കാലം ചെയ്തു. ഇന്നലെ വൈകീട്ട് 5.52ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസന അധ്യക്ഷനായി കഴിഞ്ഞ പത്തു വര്‍ഷമായി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു.
മസ്‌കറ്റ് മാര്‍ത്തോമ്മ പള്ളിയില്‍ ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യവെ വിമാനത്തില്‍ വച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കിംസ് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു.
തിരുവനന്തപുരം പാറ്റൂര്‍ മാര്‍ത്തോമ്മ പള്ളിയിലും തുടര്‍ന്ന് ചെങ്ങന്നൂര്‍ തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയിലും പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സഭാ ആസ്ഥാനത്തെ തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ഭൗതിക ശരീരം എത്തിച്ചു. സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാരും ഔദ്യോഗിക ഭാരവാഹികളും നേരത്തെ ആശുപത്രിയില്‍ എത്തിയിരുന്നു. കബറടക്കം നാളെ തിരുവല്ലയില്‍ നടക്കും.
കബറടക്കം നാളെ തിരുവല്ല എസ്‌സി പള്ളി സെമിത്തേരിയില്‍ നടക്കും. തിരുവല്ല നിരണം മട്ടക്കല്‍ വെണ്‍പറമ്പില്‍ വി കെ ഉമ്മന്റെയും മറിയാമ്മയുടെയും മകനായി 1938 ആഗസ്ത് 29ന് ജനനം. 1966 ജൂലൈ ഒമ്പതിന് വൈദീക പട്ടം സ്വീകരിച്ചു. മാര്‍ത്തോമ സഭയുടെ മേല്‍പ്പട്ട സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 ഏപ്രില്‍ 26ന് റമ്പാനായി.
1980 മെയ് ഒന്നിന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപൊലീത്തയില്‍ നിന്ന് സഖറിയാസ് മാര്‍ തിയോഫിലോസ് എന്ന പേരില്‍ ബിഷപ്പ് സ്ഥാനം സ്വീകരിച്ചു. 2004 ജൂലൈ മൂന്നിന് കോഴഞ്ചേരി സെന്റ് തോമസ് പള്ളിയില്‍ വച്ച് അദ്ദേഹത്തെ സഫ്രഗന്‍ മെത്രാപൊലീത്തയായി ഉയര്‍ത്തി. 2005 മുതല്‍ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപനായ മെത്രാപൊലീത്ത അടുത്ത ഏപ്രില്‍ ഒന്നിന് കോട്ടയം-കൊച്ചി ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കാനിരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it