Cricket

സക്‌സേന മികവില്‍ കേരളത്തിന് മിന്നും ജയം

സക്‌സേന മികവില്‍ കേരളത്തിന് മിന്നും ജയം
X


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മല്‍സരത്തില്‍ കേരളത്തിന് വിജയം. 131 റണ്‍സിനാണ് സീസണിലെ രണ്ടാമത്തെ വിജയം കേരളം നേടിയത്. 343 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇന്നലെ ബാറ്റിങിനിറങ്ങിയ രാജസ്ഥാന് കേരളത്തിന്റെ ബൗളിങ് കരുത്തില്‍ അടിതെറ്റി. 30.4 ഓവറില്‍ 84 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റു നേടിയ സിജോമോന്‍ ജോസഫാണ് രാജസ്ഥാനെ തകര്‍ത്തത്. 211 റണ്‍സിനു ഓള്‍ഔട്ടായ രാജസ്ഥാനുവേണ്ടി റോബിന്‍ ബിസ്റ്റ് 70 റണ്‍സും മഹിപാല്‍ ലോംറോര്‍ 53 റണ്‍സും നേടി. രാജേഷ് ബിഷ്‌ണോയി (35), ദീപക് ചഹര്‍(21) എന്നിവരാണ് മറ്റ് സ്്‌കോറര്‍മാര്‍. കേരളത്തിനായി ജലജ് സക്‌സേന രണ്ടു വിക്കറ്റും അരുണ്‍ കാര്‍ത്തിക്, എം ഡി നീദീഷ്, സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 217 റണ്‍സുമായി ഇന്നലെ ബാറ്റിങ് തുടങ്ങിയ കേരളം നാലുവിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്ത് നില്‍ക്കവെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 105 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജലജ് സക്‌സേനയും 72 റണ്‍സടിച്ച സഞ്ജു വി സാംസണും രണ്ടാമിന്നിങ്‌സില്‍ കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. ക്യാപ്റ്റന്‍ സചിന്‍ ബേബി 30 റണ്‍സ് നേടി. രണ്ട് ഇന്നിങ്‌സിലും ഓള്‍റൗണ്ട് പ്രകടനം നടത്തിയ ജലജ് സക്‌സേനയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്‌സില്‍ എട്ടു വിക്കറ്റും 79 റണ്‍സും നേടിയ സക്‌സേന രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിക്കൊപ്പം രണ്ടുവിക്കറ്റും നേടി. ഒപ്പം രോഹന്‍ പ്രേം (86 റണ്‍സ്), സചിന്‍ ബേബി (78), സഞ്ജു വി സാംസണ്‍ (42) എന്നിവരുടെ പിന്തുണ കൂടി ആയതോടെ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 300 കടക്കുകയായിരുന്നു. രാജസ്ഥാനായി എം കെ ലോംറോര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഈ സീസണില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. മൂന്ന് മല്‍സരങ്ങളില്‍ രണ്ടു വിജയവും ഒരു തോല്‍വിയുമുള്ള കേരളം 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it