World

സഈദിന്റെ സ്ഥാപനങ്ങളുടെ നിയന്ത്രണം ഭരണകൂടം ഏറ്റെടുക്കുന്നു

ഇസ്‌ലാമാബാദ്: ഹാഫിസ് സഈദിന്റെ നിയന്ത്രണത്തിലുള്ള ജമാത്തുദ്ദഅ്‌വ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്റെ മതപാഠശാലകളും ചികില്‍സാലയങ്ങളും പാകിസ്താന്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. യുഎന്നിന്റെ ഉപരോധ സംഘാംഗങ്ങള്‍ കഴിഞ്ഞ മാസാവസാനം പാകിസ്താന്‍ സന്ദര്‍ശിച്ച് നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ നടപടിക്കൊരുങ്ങുന്നത്.
റാവല്‍പിണ്ടിയിലെ മദ്‌റസകളുടെയും നാലു ചികില്‍സാലയങ്ങളുടെയും നിയന്ത്രണമേറ്റെടുക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. ഔഖാഫ് വകുപ്പിനെയാണ് മതപാഠശാലയുടെ നിയന്ത്രണം ഏല്‍പ്പിക്കുന്നത്. റാവല്‍പിണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നാലു മതപാഠശാലകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം ഇവിടം സന്ദര്‍ശിച്ചു മതപാഠശാലകള്‍ക്കെതിരായ ആരോപണം തള്ളിക്കളഞ്ഞു.
സായുധ സംഘങ്ങള്‍ക്കെതിരായ യുഎന്‍ രക്ഷാസമിതിയുടെ ഉപരോധ പ്രമേയത്തിലെ നിബന്ധനകള്‍ പാകിസ്താന്‍ പാലിക്കുന്നില്ലെന്ന ആരോപണവുമായി വീണ്ടും യുഎസ് രംഗത്തെത്തി. 18 മുതല്‍ 23 വരെ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍, പാകിസ്താനെതിരേ സായുധ സംഘങ്ങള്‍ക്കു സഹായം നല്‍കുന്നു എന്ന കുറ്റം ചുമത്താന്‍ യുഎസും ഇന്ത്യയും നീക്കം നടത്തുന്നുണ്ട്.



Next Story

RELATED STORIES

Share it