സംസ്‌കാരം പള്ളിസെമിത്തേരിയില്‍ വിലക്കിയ സംഭവം: സിഎസ്‌ഐ ബിഷപ്പും ഇടവക വികാരിയും നഷ്ടപരിഹാരം നല്‍കാന്‍ വിധി

തൊടുപുഴ: സഭയ്‌ക്കെതിരേ പുസ്തകമെഴുതിയ സഭാനേതാവിന്റെ സംസ്‌കാരം ബിഷപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വീട്ടുവളപ്പില്‍ നടത്തേണ്ടി വന്ന സംഭവത്തില്‍ കുടംബത്തിനുണ്ടായ മാനക്കേടിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ്ജിയാണ് വിധി പ്രസ്താവിച്ചത്. സഭയ്‌ക്കെതിരേ പുസ്തകമെഴുതിയെന്നാരോപിച്ച് പ്രഫ. സി സി ജേക്കബിന് സ്വന്തം ഇടവകയായ എള്ളുംപുറം സിഎസ്‌ഐ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ മാന്യമായി സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരേ ഭാര്യ മേരി ജേക്കബ് നല്‍കിയ കേസിലാണ് വിധി.
സിഎസ്‌ഐ ഈസ്റ്റ് കേരള ബിഷപ് കെ ജി ദാനിയേലും എള്ളുമ്പുറം ഇടവക വികാരി റവ. ജോസ്‌ലിന്‍ ചാക്കോയും ചേര്‍ന്ന് മാനനഷ്ട പരിഹാരമായി 9,95,000 രൂപയും കോടതി ചെലവുകളും ഭാര്യക്കും രണ്ട് മക്കള്‍ക്കും നല്‍കാനാണ് കോടതി വിധിച്ചത്. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടാനുള്ള അവകാശം നിയമപരമാണ്. സഭയിലെ ശുശ്രൂഷകരില്‍നിന്ന് മാനുഷിക മൂല്യങ്ങളാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി അഡ്വ. പി ബിജു, അഡ്വ. എസ് കണ്ണന്‍ എന്നിവര്‍ ഹാജരായി. '
സ്‌നാനം ഒരു പഠനം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വ കേരള മഹാ ഇടവകയുടെ സ്ഥാപക പ്രവര്‍ത്തകന്‍, സഭയുടെ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവേ, മേലുകാവ് ഹെന്റി ബേക്കര്‍ കോളജ് ചരിത്രവിഭാഗം അധ്യക്ഷന്‍ സി സി ജേക്കബിനെതിരേ നടപടിയെടുത്തത്. ഈ നടപടി സാമാന്യ നിഷേധവും അസാധുവുമാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ഡിസംബര്‍ 23നു വിധിച്ചിരുന്നു. ഇതിനെതിരേ ബിഷപ് നല്‍കിയ അപ്പീല്‍ പാലാ സബ്‌കോടതി ചെലവ് സഹിതം തള്ളി. എന്നിട്ടും കോടതി ഉത്തരവ് അനുസരിക്കാതിരുന്ന ബിഷപ്പിന്റെ നടപടിക്കെതിരേ വീണ്ടും ജേക്കബ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് 2013 ഒക്ടോബര്‍ 5ന് സി സി ജേക്കബ് അന്തരിച്ചത്.
Next Story

RELATED STORIES

Share it