സംസ്ഥാന ഹജ്ജ് ക്യാംപ് ജൂലൈ 31 മുതല്‍

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് അടുത്ത മാസം തുടക്കമാവും. ജൂലൈ 31ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് വിമാനം ആഗസ്ത്് ഒന്നിന് പുലര്‍ച്ചെ 12.30നു മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. ആഗസ്ത്് ഒന്ന് മുതല്‍ 16 വരെ 29 ഹജ്ജ് വിമാന സര്‍വീസുകളാണ് ഇക്കുറിയുണ്ടാവുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്‍ഡുകളിലുമാണ് തീര്‍ത്ഥാടകര്‍ക്കു സൗകര്യമൊരുക്കിയിരിക്കുന്നത്. ക്യാംപ് നടത്തിയിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ ലഭ്യമല്ലാത്തതിനാലാണു സിയാല്‍ അക്കാദമിയിലേക്ക് മാറ്റിയത്. സിയാല്‍ അക്കാദമി ജൂലൈ 20നകം തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജമാവും. കോഴിക്കോട്, മലപ്പുറം, പൊന്നാനി, കല്‍പ്പറ്റ, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. എല്ലാ പ്രധാന ട്രെയിനുകളും ജൂലൈ 30 മുതല്‍ ആഗസ്ത് 16 വരെ ആലുവയില്‍ നിര്‍ത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ അധ്യക്ഷതയില്‍ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ക്യാംപിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തവണ ഹാജിമാര്‍ക്കായി ക്യാംപില്‍ ഏര്‍പ്പെടുത്തുമെന്നു യോഗത്തിന് ശേഷം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
നിരക്ക് വീണ്ടും കൂട്ടി
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവുന്നതിനുളള നിരക്ക് വീണ്ടും കൂട്ടി. തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ മുഴുവന്‍ പണവും അടച്ച് യാത്രയ്ക്കുളള ഒരുക്കത്തിനു തയ്യാറാവുമ്പോഴാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. മക്ക, മിന, മെട്രോ ട്രെയിന്‍, ബസ് യാത്ര തുടങ്ങിയവയിലുണ്ടായ നിരക്ക് വര്‍ധനയാണു തുക കൂടാന്‍ കാരണം. എന്നാല്‍ മദീനയില്‍ നിലവിലുളള നിരക്കില്‍ 950 സൗദി റിയാലില്‍ 50 റിയാല്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വര്‍ധിപ്പിച്ച തുക മുഴുവന്‍ തീര്‍ത്ഥാടകരും ജൂലൈ 10നകം അടയ്ക്കണം. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച ഓരോരുത്തരും 7750 രൂപയാണ് അധികം നല്‍കേണ്ടത്. അസീസിയ്യ കാറ്റഗറിയിലുളളവര്‍ 7150 രൂപയും നല്‍കണം. ബലികര്‍മത്തിന്റെ കൂപ്പണിന് അപേക്ഷിച്ചവര്‍ 8508 രൂപ നല്‍കണം.
Next Story

RELATED STORIES

Share it