സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയിറക്കം

തിരുവല്ല: മൂന്നു ദിവസമായി തിരുവല്ലയില്‍ നടന്നുവന്ന 18ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം കൊടിയിറങ്ങി. കേള്‍വി വൈകല്യം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 100 പോയിന്റുകള്‍ വീതം നേടി എറണാകുളം സെന്റ് ക്ലെയര്‍ ഓറല്‍ സ്‌കൂളും കോട്ടയം നീര്‍പാറ അസീസി മൗണ്ട് സ്‌കൂളും കലോല്‍സവത്തില്‍ ഓവറോള്‍ കിരീടം പങ്കിട്ടു. 98 പോയിന്റ് നേടിയ വയനാട് സെന്റ് റോസെല്ലസ് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍, 96 പോയിന്റ് നേടിയ കാസര്‍കോട് മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
കാഴ്ചവൈകല്യം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 76 പോയിന്റ് നേടിയ കോഴിക്കോട് കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 68 പോയിന്റ് നേടി മലപ്പുറം മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 61 പോയിന്റ് നേടി തിരുവനന്തപുരം ഗവ. ജിഎച്ച്എസ്എസ് കോട്ടണ്‍ഹില്‍ മൂന്നാം സ്ഥാനത്തുമെത്തി. മാനസിക വെല്ലുവിളി വിഭാഗത്തില്‍ 40 പോയിന്റ് വീതം നേടി എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 31 പോയിന്റ് നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. ആതിഥേയരായ പത്തനംതിട്ട 28 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.
തുകലശ്ശേരി സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ ഒന്നാം വേദിയില്‍ നടന്ന സമാപന സമ്മേളനം കെ ശിവദാസന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സതീഷ് വിജയന്‍ അധ്യക്ഷത വഹിച്ചു. മാത്യു ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍ രാജന്‍ സുവനീര്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി വി രാമചന്ദ്രന്‍, പത്തനംതിട്ട എസ്എസ്എ പ്രൊജക്ട് ഓഫിസര്‍ പി ആര്‍ രാജേന്ദ്രന്‍, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അനില ജോര്‍ജ്, പേരന്റ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി ഫിലിപ്പ് സൈമണ്‍, അഡീഷനല്‍ ഡിപിഐയും ജനറല്‍ കണ്‍വീനറുമായ വി എല്‍ വിശ്വലത, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ കോശി സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ മാത്യു ടി തോമസ് എംഎല്‍എ, കെ ശിവദാസന്‍ നായര്‍ എംഎല്‍എ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it