thrissur local

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം;പന്തല്‍ കാല്‍നാട്ട് ഇന്ന്

തൃശൂര്‍: ജനുവരി ആറുമുതല്‍ പത്തുവരെ നടക്കുന്ന 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള പന്തല്‍കാല്‍നാട്ട് ഇന്ന് നടക്കും. രാവിലെ 10.30ന് തേക്കിന്‍കാട് എക്‌സിബിഷന്‍ മൈതാനിയില്‍ ഒരുക്കുന്ന പ്രധാനവേദിയുടെ പന്തലിന്റെ കാല്‍നാട്ടു കര്‍മം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷയാകും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ കാല്‍നാട്ടുകര്‍മത്തില്‍ പങ്കെടുക്കും. കാല്‍നാട്ടിനുശേഷം, പ്രധാനവേദിക്കരികില്‍ ഒരുക്കുന്ന മീഡിയ സെന്റര്‍, മറ്റു പവിലിയനുകള്‍ തുടങ്ങിയയിടങ്ങള്‍ മന്ത്രിയും ജനപ്രതിനിധികളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. അമ്പതു സ്റ്റാളുകളാണ് ദൃശ്യ-പത്ര മാധ്യമസ്ഥാപനങ്ങള്‍ക്കായി മാത്രം നിര്‍മിക്കുന്നത്. കൂടാതെ, അനുബന്ധ സ്റ്റാളുകള്‍ വേറെയും ഒരുക്കുന്നുണ്ട്. സ്വരാജ് റൗണ്ടിനു ചുറ്റുമായി 25 വേദികളിലായാണ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്.തേക്കിന്‍കാട് മൈതാനത്ത് പൂരം പ്രദര്‍ശന നഗരിയെ കൂടാതെ സി.എം.എസ് സ്‌കൂളിനു മുന്നിലും തെക്കേനടയില്‍ ജോസ് തിയേറ്ററിനു മുന്നിലും വേദികള്‍ സജ്ജമാക്കും. ജനുവരി 6മുതല്‍ 10 വരെ നടക്കുന്ന കലോത്സവത്തിനായി 25 വേദികളാണ് സജ്ജമാക്കുക. രാമവര്‍മ്മപുരം പോലിസ് അക്കാദമിയില്‍ ബാന്‍ഡ്‌മേള മത്സരങ്ങള്‍ നടക്കും. സെന്റ് തോമസ് കോളജ് ഹൈസ്‌കൂളില്‍ സാഹിത്യ മത്സരങ്ങളും ചിത്രരചനാ മത്സരങ്ങള്‍ ഫൈനാര്‍ട്‌സ് കോളജിലും അരങ്ങേറും. സിഎംഎസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറബിക് കലോത്സവവും, വിവേകോദയത്തില്‍ സംസ്‌കൃതോത്സവവും നടക്കും. സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററിലാണ് നാടകം ഒരുക്കിയിട്ടുള്ളത്. മുണ്ടശേരി ഹാള്‍, ബാലഭവന്‍, ഹോളി ഫാമിലി, സെന്റ് ക്ലയേഴ്‌സ്, യാക്കോബൈറ്റ് ചര്‍ച്ച് ഹാള്‍, ടൗണ്‍ഹാള്‍, സാഹിത്യ അക്കാദമി, മോഡല്‍ബോയ്‌സ്, എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it