സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ഉദ്ഘാടന സമ്മേളനം വര്‍ണാഭമാക്കാന്‍ 'ദൃശ്യവിസ്മയം'

തൃശൂര്‍: 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളനം വര്‍ണാഭമാക്കാന്‍ 'ദൃശ്യവിസ്മയം' ഒരുക്കുന്നു. ഘോഷയാത്ര ഒഴിവാക്കിയ സാഹചര്യത്തിലാണ് കലാ-സാംസ്‌കാരിക കാഴ്ചകളൊരുക്കി ദൃശ്യവിസ്മയം ഒരുക്കുന്നത്. സാംസ്‌കാരിക നഗരിയുടെ പ്രൗഢി വിളിച്ചോതുന്ന മികവുറ്റ കാഴ്ചകളാണ് ദൃശ്യവിസ്മയത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് സംഘാടക സമിതി കണ്‍വീനര്‍ മദന മോഹന്‍ പറഞ്ഞു.
തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിക്ക് സമീപം വിദ്യാര്‍ഥികള്‍ തന്നേയാണ് ദൃശ്യവിസ്മയം ഒരുക്കുക. കഴിഞ്ഞവര്‍ഷം വരെ ഏഴു ദിനങ്ങളിലായി നടന്ന മേള അഞ്ചു ദിവസത്തേക്ക് ചുരുക്കിയതിനാലാണ് ഘോഷയാത്ര അടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കിയത്. അതേസമയം, കലോല്‍സവത്തിന്റെ വേദികളെച്ചൊല്ലിയുള്ള ആശങ്ക തുടരുകയാണ്. പ്രധാന വേദി തേക്കിന്‍കാട് മൈതാനിയിലെ പൂരം എക്‌സ്ബിഷന്‍ ഗ്രൗണ്ടിലും രണ്ടാമത്തെ വേദി സിഎംഎസ് സ്‌കൂ ള്‍ ഗ്രൗണ്ടിനു മുന്‍വശത്ത് നായ്ക്കനാലിലുമാണ് സജ്ജീകരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ജനുവരി ആറ് ഏഴ് ദിവസങ്ങളില്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വേല നടക്കുന്നതിനാല്‍ രണ്ടാമത്തെ വേദി മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരുകയാണെങ്കില്‍ വേദി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപത്തേക്ക് മാറ്റും.
Next Story

RELATED STORIES

Share it