malappuram local

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍; കോഴിക്കോടിനും കോട്ടയത്തിനും ജയം

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ കോഴിക്കോടിനും കോട്ടയത്തിനും ജയം. പത്തനംതിട്ടയെ ഒരു ഗോളിനു തോല്‍പ്പിച്ചാണ് കോഴിക്കോട് ജയം സ്വന്തമാക്കിയത്. നിറയെ അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യം പിഴച്ച കോഴിക്കോടിനു ഒരു ഗോളിനു മാത്രമേ ജയിക്കാനായുള്ളൂവെന്നതില്‍ സ്വയം പഴിക്കാം. നിരന്തരമുള്ള ആക്രമണത്തിനൊടുവില്‍ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് കോഴിക്കോട് പത്തനംതിട്ടയുടെ വല ചലിപ്പിച്ചത്. പത്തനംതിട്ടയുടെ ബോക്‌സിനു വലതുഭാഗത്തു കൂടി പന്തുമായി മുന്നേറിയ ഇ സാജിതിനെ തടയാന്‍ ഓടിയെത്തിയ പത്തനംതിട്ട ഗോളി വി കെ ഹൈജാസിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്തു ശക്തമായി തട്ടിയകറ്റാന്‍ ശ്രമിച്ച ഹൈജാസിന്റെ ഷോട്ട് ദുര്‍ബലമായിരുന്നു. ഇതോടെ സാജിതിന്റെ വരുതിയില്‍ തന്നെ പന്തെത്തി. ബോക്‌സിലേക്കു കടന്ന സാജിത് ഗോളിയില്ലാത്ത വലയിലേക്കു പന്ത് പതുക്കെ തൊടുത്തുവിട്ടു (1-0). നാല്‍പ്പതാം മിനിറ്റില്‍ കോഴിക്കോട് ലീഡുയര്‍ത്തുമെന്നു തോന്നിപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തിനു പന്ത് അകന്നു.
മധ്യനിര കടന്നെത്തിയ താഹിര്‍സമാന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളി ഹൈജാസി തട്ടികയറ്റിയെങ്കിലും പന്ത് ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി.
കോഴിക്കോടിന്റെ അന്‍വര്‍സാദിഖും സൗരവിനും ലഭിച്ചു ഒന്നാന്തരം അവസരങ്ങള്‍. എന്നാല്‍, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയില്‍ അവസരങ്ങള്‍ പാഴാക്കുന്നതില്‍ മല്‍സരിക്കുകയായിരുന്നു കോഴിക്കോടിന്റെ മുന്‍നിര. മറുവശത്താവട്ടെ പത്തനംതിട്ടയുടെ പ്രതിരോധത്തിനായിരുന്നു പിടിപ്പതു പണി. കോഴിക്കോടിന്റെ ആക്രമണങ്ങളെ ജോസഫ് പോളും ശെല്‍വരാജും ഷിബിന്‍ ഷാജിയും കൂട്ടത്തോടെയാണ് തടഞ്ഞത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങളെ പത്തനംതിട്ടയ്ക്കു കാഴ്ചവയ്ക്കാനായുള്ളൂ.
ഇന്നലെ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ തിരുവനന്തപുരത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച് നിലവിലെ റണ്ണേഴ്‌സ് അപ്പായ കോട്ടയം സെമിയിലെത്തി. ആദ്യപകുതിയുടെ 14ാം മിനിറ്റില്‍ കോട്ടയത്തിന്റെ മൗസിഫ് നൈാന്‍, അമ്പത്തിനാലാം മിനിറ്റില്‍ നവാസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. അറുപത്തിയൊമ്പതാം മിനിറ്റില്‍ ഷിബു തിരുവനന്തപുരത്തിനായി ഒരു ഗോള്‍ മടക്കി.
ഇന്നു രണ്ടു മല്‍സരങ്ങള്‍ നടക്കും. വൈകീട്ട് 4.45നുള്ള ആദ്യകളിയില്‍ വയനാട് തൃശൂരിനെയും 6.45നുള്ള രണ്ടാമത്തെ കളിയില്‍ എറണാകുളം പാലക്കാടിനെയും നേരിടും.
Next Story

RELATED STORIES

Share it