സംസ്ഥാന സഹകരണ ബാങ്ക് ശതാബ്ദി സമ്മേളനം ആഘോഷിച്ചു

കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിന്റെ ശതാബ്ദി സമ്മേളനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വര്‍ണ വായ്പ പലിശ നിരക്ക് കുറയ്ക്കാനായി ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 500 കോടി രൂപ വായ്പ നല്‍കുമെന്ന് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ കര്‍ഷകര്‍ക്ക് നാലു ശതമാനം പലിശയ്ക്ക് വായ്പ നല്‍കാനുള്ള പദ്ധതി ജില്ലാ ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കും. നിലവില്‍ 10 മുതല്‍ 12 ശതമാനം പലിശയ്ക്കാണ് സ്വര്‍ണവായ്പ നല്‍കുന്നത്. ഇത് 10 ശതമാനത്തിന് താഴെ എത്തിക്കാനാണ് പുതിയ പദ്ധതി.
ഒരുവര്‍ഷമാണ് കാലാവധിയെന്നും ത്രിതല സഹകരണ സംഘങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക, ആര്‍ബിഐ റീജ്യനല്‍ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് ടെന്‍കില്‍, എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ പി പൗലോസ്, ജോര്‍ജ് മെഴ്‌സിയര്‍, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ കെ പി ബേബി, വി കെ തങ്കരാജ് സംസാരിച്ചു.
ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന സഹകരണ രജിസട്രാര്‍ എസ് ലളിതാംബിക ചടങ്ങില്‍ നിര്‍വഹിച്ചു. വിവിധ ജില്ലാ ബാങ്കുകള്‍, പ്രാഥമിക ബാങ്കുകള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.
നേരത്തെ സഹകരണ മേഖലയുടെ ആധുനിക വല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം എം മോനായി പ്രബന്ധം അവതരിപ്പിച്ചു. ടി എ അഹമ്മദ് കബീര്‍ എംഎല്‍എ, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ എസ് ബാലചന്ദ്രന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ സി സഹദേവന്‍, ഡയറക്ടര്‍മാരായ പി അബ്ദുള്‍ ഹമീദ്, അലക്‌സ് കോഴിമല, അഡ്വ. എം പി സാജു സംസാരിച്ചു.
Next Story

RELATED STORIES

Share it