thrissur local

സംസ്ഥാന സന്ദേശജാഥകള്‍ 25ന് തൃശൂരില്‍ സംഗമിക്കും



തൃശൂര്‍: പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യംഉയര്‍ത്തിപ്പിടിച്ച് കെഎസ്ടിഎയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടു സംസ്ഥാന സന്ദേശജാഥകളും ശനിയാഴ്ച തൃശൂരില്‍ സംഗമിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുരളി പെരുനെല്ലി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി കെ സി ഹരിഗോവിന്ദന്‍ ക്യാപ്റ്റനും കെ ബദറുന്നീസ വൈസ് ക്യാപ്റ്റനും ടി വി മദനമോഹനന്‍ മാനേജരുമായ വടക്കന്‍ മേഖലാ ജാഥയും, കെഎസ്ടിഎ പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ക്യാപ്റ്റനും പി ഡി ശ്രീദേവി വൈസ് ക്യാപ്റ്റനും സന്തോഷ്‌കുമാര്‍ മാനേജരുമായ തെക്കന്‍ മേഖലാ ജാഥയുമാണ് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സംഗമിക്കുക.രണ്ടു ജാഥകളും തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയിലാണ് സംഗമിക്കുക. പ്രകടനത്തിനുശേഷം വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍, കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോണ്‍, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ ബാലന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വര്‍ഗീസ്, എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി തുടങ്ങിയര്‍ സംസാരിക്കും.വടക്കന്‍ മേഖലാ ജാഥ ശനിയാഴ്ച രാവിലെ ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ 9.30ന് വടക്കാഞ്ചേരി, കുന്നംകുളം (10.30), ചാവക്കാട് (11.30), വാടാനപ്പിള്ളി (2.30), കാഞ്ഞാണി (3.30) എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം തൃശൂരിലെത്തും. തെക്കന്‍ മേഖലാ ജാഥാ പര്യടനം പകല്‍ മൂന്നിന് കൊരട്ടിയില്‍നിന്ന് ആരംഭിച്ച് തൃശൂരില്‍ സമാപിക്കും. ഇരു ജാഥകളും പകല്‍ 4.30ന് തൃശൂര്‍ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍ എത്തും. തുടര്‍ന്ന് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ തെക്കേഗോപുരനടയിലെ പൊതുസമ്മേളനകേന്ദ്രത്തിലേക്ക് അധ്യാപക പ്രകടനം നടക്കും. മൂവായിരത്തിലേറെ അധ്യാപകര്‍ പ്രകടനത്തില്‍ അണിനിരക്കും.  പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും നവീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നടപടികളെ പിന്തുണച്ചാണ് കെഎസ്ടിഎ ആഭിമുഖ്യത്തില്‍ ‘ഉണരുന്ന പൊതു വിദ്യാഭ്യാസം, മാറുന്ന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സന്ദേശജാഥകള്‍ നടത്തിയത്.
Next Story

RELATED STORIES

Share it