സംസ്ഥാന ശാസ്‌ത്രോല്‍സവത്തിന് പ്രൗഢോജ്വല തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് കൊല്ലത്തു തിരിതെളിഞ്ഞു. ഇനി മൂന്നു നാള്‍ ദേശിംഗനാട് കുരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ക്കും വിജ്ഞാനവും വിസ്മയവും പകരുന്ന കാഴ്ചകള്‍ക്കും വേദിയാകും. ഇന്നലെ വൈകീട്ട് നഗരത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള 2000ലധികം കുട്ടികള്‍ പങ്കെടുത്ത വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമായത്.
പ്രധാന വേദിയായ കൊല്ലം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. വൊക്കേഷനല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും ഇത്തവണ മുതല്‍ ഗ്രേസ്മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നാഷനല്‍ സയന്‍സ് സെമിനാറില്‍ വിജയിയായ മനസ് മനോഹറിനെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും സംസ്ഥാന ശാസ്ത്രനാടക മല്‍സരത്തിലെ വിജയികളെ കൊടിക്കുന്നില്‍ സുരേഷ് എംപിയും ആദരിച്ചു. എ എ അസീസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ എ ഷൈന മോള്‍, മുന്‍ എംഎല്‍എ എ യൂനുസ്‌കുഞ്ഞ്, വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ പി നൗഫല്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ വി എല്‍ വിശ്വലത, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി എ സാജുദ്ദീന്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എ ഷാനവാസ് സംസാരിച്ചു. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തി.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും 220 മല്‍സരയിനങ്ങളിലായി പതിനായിരത്തിലധികം പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കൊല്ലത്തെത്തുന്നത്. ഇന്നു മുതലാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. മേള 28നു സമാപിക്കും.
Next Story

RELATED STORIES

Share it