സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക്
X


ഹനീഫ എടക്കാട്



തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ മറ്റൊരു അധ്യായത്തിനാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പു ജയത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്. മുന്നണിരാഷ്ട്രീയത്തില്‍ ഘടകകക്ഷികളിലെ പടലപിണക്കത്തില്‍ നയചാതുര്യത്തോടെ ഇടപെട്ട് പ്രശ്‌നപരിഹാരം നിര്‍ദേശിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ മിടുക്ക് വേറെത്തന്നെയാണ്. യുഡിഎഫില്‍ കോണ്‍ഗ്രസ്സുമായി മറ്റു ഘടകക്ഷി പാര്‍ട്ടികള്‍ തെറ്റുമ്പോള്‍ ഒരു സേഫ്റ്റിവാല്‍വു പോലെ പ്രവര്‍ത്തിക്കാറുള്ളത് ലീഗാണ്. ലീഗില്‍ അത് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയും. ഏറ്റവും ഒടുവില്‍ യുഡിഎഫില്‍ നിന്നു പുറത്തുപോയ കെ എം മാണിയെ ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരികെ യുഡിഎഫിലേക്ക് അവരെ ക്ഷണിക്കാനും അവസരമൊരുക്കിയതും കുഞ്ഞാലിക്കുട്ടിയും മലപ്പുറം ഉപതിരഞ്ഞെടുപ്പുമാണ്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുതര്‍ക്കം പോലും അതിരുവിടുന്ന ഘട്ടത്തില്‍ ഇടപെടുന്നതും ലീഗും കുഞ്ഞാലിക്കുട്ടിയുമായിരുന്നു. 1982 മുതല്‍ കേരള നിയമസഭയില്‍ എംഎല്‍എയായും മന്ത്രിയായും പ്രവര്‍ത്തിച്ചുവരുന്ന കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയുണ്ടായത് 2006ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. ഒരുകാലത്ത് സഹപ്രവര്‍ത്തകനായിരുന്ന കെ ടി ജലീലിനോടാണ് അന്ന് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് അടിയറവ് പറയേണ്ടിവന്നത്. എന്നാല്‍, പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു മന്ത്രിയായ കുഞ്ഞാലിക്കുട്ടി തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നു രേഖപ്പെടുത്തി. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ചില വീഴ്ചകളുണ്ടായപ്പോള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പശ്ചാത്താപ മനസ്സോടെ രാഷ്ട്രീയത്തില്‍ സജീവമായ പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ഉപതിരഞ്ഞെടുപ്പു വിജയം പുതിയ നിയോഗമാണ് ഏല്‍പിച്ചിരിക്കുന്നത്. വര്‍ഗീയ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയാധികാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പിടിമുറുക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കുന്ന പശ്ചാത്തലത്തിലും ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ പരിസരത്തേക്ക് തന്റെ പ്രവര്‍ത്തനമണ്ഡലം പറിച്ചുനടുന്നത്. മുന്നണിരാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നത്ര എളുപ്പമായിരിക്കില്ല, പാര്‍ലമെന്റില്‍ ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗത്തിനു വേണ്ടി ശബ്ദമുയര്‍ത്തുക എന്നത്. പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുന്നതുകൊണ്ടു മാത്രം ദേശീയ നേതാവായി പരിവര്‍ത്തിപ്പിക്കപ്പെടാനും ഇടയില്ല. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള കലാപത്തിലെ ഇരകള്‍ക്ക് നിയമസഹായമടക്കം ആത്മവിശ്വാസം നല്‍കുന്നതിനു സജീവമായി പ്രവര്‍ത്തിക്കേണ്ടിവരും. ബീഫിന്റെ പേരിലുള്ള വേട്ടയാടലുകള്‍ക്ക് അറുതിയുണ്ടാക്കാനും ഇത്തരം സംഭവങ്ങള്‍ യഥാസമയം പാര്‍ലമെന്റില്‍ ഉന്നയിക്കാനും കഴിഞ്ഞാല്‍ തന്നെ തിരഞ്ഞെടുപ്പു വിജയത്തോട് കൂറുപുലര്‍ത്തിയെന്ന് ആശ്വസിക്കാം. കെ എം മാണിയുടെ പുറത്തുപോക്കും കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ രംഗപ്രവേശവും കേരളത്തിലെ യുഡിഎഫ് കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുകയൊന്നുമില്ലെങ്കിലും പരിചയസമ്പന്നരുടെ അഭാവം ചില സന്ദേഹങ്ങള്‍ മുന്നണിയില്‍ ഉയര്‍ത്തുന്നുണ്ട്. 1982 മുതല്‍ പിണറായി സര്‍ക്കാരിനു കീഴിലെ 14ാം നിയമസഭാ സമ്മേളനത്തിലെ നാലാം സെഷനില്‍ വരെ (2006-2011ലെ അഞ്ചു വര്‍ഷമൊഴിച്ച്) ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി കെ കുഞ്ഞാലിക്കുട്ടി ഇനി പാര്‍ലമെന്റ് പ്രതിനിധിയായാണ് അറിയപ്പെടുക. എംപി സ്ഥാനത്ത് എത്ര വര്‍ഷത്തോളമുണ്ടാവുമെന്നത് സാങ്കല്‍പിക ചോദ്യമാണെങ്കിലും രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന കാര്യം കൂടിയാണത്.
Next Story

RELATED STORIES

Share it