സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിയമന അഴിമതി: എം കെ മുനീറടക്കം നാലുപേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി മുന്‍ ചീഫ് സെക്രട്ടറി നീലാ ഗംഗാധരനെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന ഹരജിയില്‍ മുന്‍ സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീറടക്കം നാലു പ്രമുഖര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മന്ത്രിയെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുന്‍ നിയമവകുപ്പ് സെക്രട്ടറി സി പി രാമരാജ പ്രേമ പ്രസാദ്, കമ്മീഷണന്‍ ചെയര്‍പേഴ്‌സണായി നിയമിതയായ നീലാ ഗംഗാധരന്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ചെയ്ത ശേഷം നിഷ്‌കര്‍ശിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്ത വ്യക്തിയെ ഇന്റര്‍വ്യൂ പോലും ചെയ്യാതെ നിയമവിരുദ്ധമായി നിയമിച്ച് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തുവെന്നാണ് കേസ്. മുന്‍ ബാലസംഘം സംസ്ഥാന സമിതി രക്ഷാധികാരി കുളത്തൂര്‍ തോപ്പില്‍ വീട്ടില്‍ രാധ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
നിയമനം സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് 2012 ഡിസംബര്‍ 25ന് ആണ് പത്രപരസ്യം നല്‍കിയത്. യോഗ്യതാ മാനദണ്ഡമായി പരസ്യത്തില്‍ പറഞ്ഞത് വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യം, ക്ഷേമം, ബാലവികസനം, ബാലനീതി, ബാലവേല ഉന്മൂലനം, ബാല മനശ്ശാസ്ത്രം, സോഷ്യോളജി, ബാല നിയമം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ 10 വര്‍ഷത്തി ല്‍ കുറയാത്ത പ്രവൃത്തിപരിചയം വേണമെന്നായിരുന്നു. എന്നാല്‍, നാലുപേരും ഗൂഢാലോചന നടത്തി പരസ്യത്തില്‍ നിഷ്‌കര്‍ശിച്ച ആറു മേഖലയില്‍ ഒരു വകുപ്പില്‍ പോലും നേരിട്ട് ഭരണപരമായ നിയന്ത്രണച്ചുമതല 10 വര്‍ഷം ഇല്ലാത്ത നീലാ ഗംഗാധരനെ 2013 മെയ് 3ന്    നിയമിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു വര്‍ഷത്തോളം സ്ഥാനം വഹിച്ച് ഹൈക്കോടതി ജഡ്ജിക്ക് സമാനമായ പദവിയും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം സംഭവം വിവാദമായപ്പോള്‍ നീല രാജിവച്ചു സ്ഥാനമൊഴിഞ്ഞ് പോയതായും ഹരജി ഭാഗം കോടതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it