malappuram local

സംസ്ഥാന ബജറ്റ് ഇന്ന്; വികസന കുതിപ്പിന് കണ്ണുംനട്ട് ജില്ല

മലപ്പുറം: സംസ്ഥാനത്തിന്റെ 69ാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുമ്പോള്‍ വികസനകുതിപ്പിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ പ്രതീക്ഷിച്ച് ജില്ല. വിദ്യഭ്യാസ, ആരോഗ്യ, അടിസ്ഥന വികസന മേഖലകളില്‍ ജില്ലയുടെ പിന്നാക്കത്തിന് പരിഹാരമാവുന്ന പദ്ധതികളാണു ജില്ല കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് ബജറ്റില്‍ പരിഹാരമുണ്ടാവുമെന്നാണു ജില്ലയുടെ പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങള്‍ക്ക് ഒപ്പം നേരത്തെ പ്രഖ്യാപിച്ചവയ്ക്ക് തുക വകയിരുത്തുകയും വേണം.     മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സമഗ്രവികസനത്തിന് പുതിയ പ്രഖ്യപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണു പ്രതീക്ഷ. എംബിബിഎസ് വിദ്യാര്‍ഥികള്‍ വരെ മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പരിഹാരം കാണാന്‍ സമഗ്രപദ്ധതി തന്നെ മെഡിക്കല്‍ കോളജില്‍ നടപ്പാക്കേണ്ടതുണ്ട്. അതേസമയം, കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കോളജിന്റെ സൗകര്യം വര്‍ധിപ്പിക്കാന്‍ 73 കോടി വകയിരിത്തിരുന്നുവെങ്കിലും ഇതിന് ഭരണാനുമതി മാത്രമാണു ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ മലപ്പുറത്തിന് അനുവദിച്ച മലപ്പുറം കാന്‍സര്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷ. ഭാരതപ്പുഴയ്ക്ക് കുറകെയുള്ള ചമ്രവട്ടം റെഗുലേറ്റര്‍ കംബ്രിഡജ് അതിന്റെ യഥാര്‍ഥ ഗുണം ലഭിക്കണമെങ്കില്‍ അതിന്റെ ചോര്‍ച്ച അടയ്ക്കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് പണം ലഭ്യമാക്കേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച പദ്ധതികളായ കുറ്റിപ്പുറം-കാങ്കക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്ജ് 100 കോടി, കുറ്റിപ്പുറം സ്ബ് രജിസ്‌ട്രോര്‍ ഓഫിസ്, തൂതപ്പുഴ റെഗുലേറ്റര്‍ കംബ്രിഡ്ജ് 70കോടി എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതി മാത്രമാണു ലഭിച്ചത്. മലപ്പുറം ഗവ. കോളജിന് സ്ഥലം ഏറ്റെടുക്കല്‍, കടലുണ്ടിപ്പുഴ രാമന്‍കടവ് നവീകരണം, തിരൂര്‍ താഴെപാലത്ത് പുതിയ മേല്‍പാലം, തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം വികസനം എന്നീ പദ്ധതികള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും എവിടെയും എത്തിയിട്ടില്ല. വളാഞ്ചേരി റിങ് റോഡ്, തിരുനാവായ തവനൂര്‍ പാലം എന്നിവയ്ക്ക് സ്ഥലം പോലും ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളില്‍ മലപ്പുറം ഫ്‌ളൈഓവര്‍, പൊന്നാനി അഴിമുഖം കടല്‍പാലം, പൂക്കോട്ടുംപാടം-മൂലേപ്പാടം റോഡ്, എടപ്പാള്‍ മേല്‍പ്പാലം എന്നിവയാണ് പേരിനെങ്കിലും തുടര്‍ നടപടികള്‍ പുരോഗമിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പോലും ജില്ലയ്ക്കായിട്ടില്ല. വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഒരു മണ്ഡലത്തിലെ ഒരു സ്‌കൂള്‍ ഹൈടെക് ആക്കുന്ന പദ്ധതി, സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി, കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ വിത്ത് വിതരണ പദ്ധതി,  താലൂക്ക് ഹോസ്പിറ്റലുകളിലേക്കുള്ള ഡയലിസിസ് വിതരണ പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക മിഷന്‍ പദ്ധതി എന്നിവയെല്ലാം നടക്കാതെപോയ കഴിഞ്ഞ ബജറ്റിലെ ജനപ്രിയ പദ്ധതികളാണ്. ഇതിനെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള നടപടികള്‍ ഇന്നത്തെ സംസ്ഥാന ബജറ്റില്‍ ഉണ്ടാവുമെന്നാണു ജില്ല പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it