സംസ്ഥാന പ്രസിഡന്റ്: ബിജെപിയില്‍ ഭിന്നത രൂക്ഷം

കൊച്ചി: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ ബിജെപിയില്‍ ഭിന്നത രൂക്ഷം. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് മണിക്കൂറുകള്‍ ചര്‍ച്ചചെയ്തിട്ടും ആരെ അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതെപോയത് എന്നാണു ലഭിക്കുന്ന വിവരം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജയുടെ സാന്നിധ്യത്തില്‍ രാവിലെ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഇരുപക്ഷവും മുന്നോട്ടുവച്ചത്. എം ടി രമേശിന്റെയും എന്‍ എന്‍ രാധാകൃഷ്ണന്റെയും പേര് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവച്ചപ്പോള്‍ കെ സുരേന്ദ്രന്റെ പേരാണ് മുരളീധരപക്ഷം മുന്നോട്ടുവച്ചത്.
ആര്‍എസ്എസ് പ്രതിനിധികളുടെ താല്‍പര്യം എം ടി രമേശി നെയാണ്. കൃഷ്ണദാസ് പക്ഷത്തിലെ ഏതാനും പേരും ഇതിനെ അനൂകുലിക്കുന്നു. തുടര്‍ന്ന് കേന്ദ്രനേതാക്കള്‍ കേരളത്തിലെ ബിജെപി നേതാക്കളുമായി തനിച്ചും കൂട്ടായും സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ എ എന്‍ രാധാകൃഷ്ണനാണ് പാര്‍ട്ടിയില്‍ സീനിയോരിറ്റി ഉള്ളതെന്ന അവകാശവാദവും ഉയര്‍ന്നു. എന്നാല്‍ മറ്റു രണ്ടു പേരുകളും സജീവമായി തന്നെ നേതാക്കള്‍ ഉയര്‍ത്തിയതോടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, മോര്‍ച്ച പ്രസിഡന്റുമാര്‍ എന്നിവരില്‍ നിന്നു അഭിപ്രായം സ്വരൂപിച്ചു. ഇതില്‍ എ എന്‍ രാധാകൃഷ്ണനും കെ സുരേന്ദ്രനും ഏകദേശം തുല്യമായ രീതിയില്‍ പിന്തുണ ലഭിച്ചുവെങ്കിലും നേരിയ മുന്‍തൂക്കം സുരേന്ദ്രനാണ്. കേന്ദ്രനേതൃത്വത്തിനും സുരേന്ദ്രനോട് താല്‍പര്യമുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കൃത്യമായ ധാരണയിലെത്താന്‍ കഴിയാതെ കേന്ദ്രനേതാക്കള്‍ മടങ്ങുകയായിരുന്നു.
നിലവില്‍ തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ലെന്നും ചര്‍ച്ചയിലെ വിവരങ്ങള്‍ അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കുമെന്ന് ദേശീയ സെക്രട്ടറി എച്ച് രാജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it