സംസ്ഥാന പോലിസ് സേനയ്ക്കായി  ഫോട്ടോ മ്യൂസിയം പരിഗണനയില്‍

സി എ സജീവന്‍

തൊടുപുഴ: പോലിസ് സേനയുടെ നാള്‍വഴികളിലെ ചരിത്ര മുഹൂര്‍ത്തങ്ങളും മുഖ്യ പ്രവര്‍ത്തനങ്ങളും വരുംകാലത്തേക്ക് കാത്തുസൂക്ഷിക്കുന്നത് ലക്ഷ്യമിട്ട് ഫോട്ടോ-ഡിജിറ്റല്‍ മ്യൂസിയം തുടങ്ങുന്നത് പരിഗണനയില്‍. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ ഡോക്യുമെന്റേഷന്‍ പ്രൊജക്ട് ഡിജിപി ടി പി സെന്‍കുമാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. വിശദമായ പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെയോ എസ്‌സിആര്‍ബിയുടെയോ നിയന്ത്രണത്തിലാവും മ്യൂസിയം പ്രവര്‍ത്തിക്കുകയെന്നും ഉന്നത പോലിസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
കേരളത്തിന്റെ ഇപ്പോഴത്തെ പോലിസിന്റെ ചരിത്രം 1956ലാണു തുടങ്ങുന്നത്. സേനയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയിലാണ് പോലിസ് ചരിത്രം കൃത്യമായി സൂക്ഷിച്ചു പരിപാലിക്കാത്തതിന്റെ പോരായ്മ ശ്രദ്ധയില്‍പ്പെട്ടത്. അന്നു കിട്ടാതെപോയ പല ചരിത്രസംഭവങ്ങളും ചിത്രകാരന്മാരുടെ സഹായത്തോടെ വരച്ചുചേര്‍ക്കുകയായിരുന്നു. എന്നിരുന്നാലും ഡോക്യുമെന്റേഷന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉരുത്തിരിയുന്നത് ഇപ്പോഴാണ്. സേനയുടെ നേട്ടങ്ങള്‍ക്കു പുറമെ പ്രമാദമായ കേസുകള്‍, ഇടപെടലുകള്‍, വിവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍ തുടങ്ങി പോലിസ് മറുഭാഗത്തായി വരുന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കാനാണ് പദ്ധതി. ഇപ്പോള്‍ പോലിസുമായി ബന്ധപ്പെട്ട ഏതു സംഭവം വിവാദമായാലും അതിന്റെ വിശദാംശങ്ങള്‍ക്കായി പുറത്തെ ഏജന്‍സികളെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ. ഇതു പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നു.
സംസ്ഥാനത്തെ 19 പോലിസ് ജില്ലാ ഡിവിഷനുകളിലും അല്ലാതെയുമായി 50ഓളം പോലിസ് ഫോട്ടോഗ്രഫേഴ്‌സ് സേനയ്ക്കുണ്ട്. ഇവരുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കാനായാ ല്‍ ഡോക്യുമെന്റേഷന്‍ ഫലപ്രദമാക്കാം. പോലിസുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന സംഭവങ്ങളുടെയും ഒരു പകര്‍പ്പ് മ്യൂസിയത്തില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ സജ്ജീകരിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്തുവരുകയാണ്.
Next Story

RELATED STORIES

Share it