kozhikode local

സംസ്ഥാന പാതയില്‍ കടിയങ്ങാട് പാലത്ത് പുതിയ പാലം നിര്‍മാണം തുടങ്ങി

പേരാമ്പ്ര: കോഴിക്കോട്-കുറ്റിയാടി സംസ്ഥാന പാതയില്‍ കടിയങ്ങാട് പാലത്ത് പുതിയ പാലം നിര്‍മാണം തുടങ്ങി. 5.2 കോടി ചെലവിലാണ് പ്രവൃത്തി. പാലത്തിന്റെ തൂണുകളുടെ നിര്‍മാണത്തിന് മുന്നോടിയായി ഒരു ഭാഗത്തെ പൈലിംഗ് ജോലികളാണ് ആദ്യം തുടങ്ങിയത്. ആറ് പൈലുകളുടെ പ്രവൃത്തി നടന്നു.
മൂന്ന് തൂണുകള്‍ക്കായി 20 പൈലുകളാണ് ആകെയുള്ളത്. 50.64 മീറ്റര്‍ നീളത്തിലും ഇരുഭാഗത്തും നടപ്പാതയടക്കം 11.20 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുക. റോഡ് ടാറിഗ് ഭാഗം മാത്രം 7.50 മീറ്റര്‍ വീതിയുണ്ട്. ഇരുഭാഗത്തും 200 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ടാകും. മൂന്നാഴ്ച മുമ്പാണ് പൈലിംഗ് ജോലികള്‍ തുടങ്ങിയത്. ഡിസംബറിനകം പൈലിംഗ് പൂര്‍ത്തായാകും. ഒരു വര്‍ഷത്തിനകം പാലത്തിന്റെ പ്രവൃത്തി തീര്‍ക്കാനാണ് ലക്ഷ്യം.അരനൂറ്റാണ്ട് മുമ്പാണ് ഇവിടെ പുഴക്ക് കുറുകെ പാലം നിര്‍മിച്ചത്.
സംസ്ഥാന പാത വീതി കൂട്ടി പുനര്‍നിര്‍മിച്ചെങ്കിലും പാലം മാത്രം വീതി കുറഞ്ഞ് തുടര്‍ന്നു. ഇരുഭാഗത്തേക്കും രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള വീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാഹനം കടന്നു പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ നന്നെ പ്രയാസപ്പെടുകയും വേണം. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും പാലം വീതികൂട്ടാതെ കിടക്കുകയായിരുന്നു.തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പാലം നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കുറ്റിയാടി ഭാഗത്ത് പാലം കഴിഞ്ഞയുടനെയുള്ള വളവ് അപകടക്കെണിയായിരുന്നു. മാത്രമല്ല ഇവിടെ നിന്ന് മുതുവണ്ണാച്ചയിലേക്കുള്ള റോഡും തുടങ്ങുന്നുണ്ട്. നിലവിലെ പാലത്തിന് തൊട്ടപ്പുറത്താണ് പുതിയ പാലത്തിന്റെ നിര്‍മാണം. വളവ് പരമാവധി കുറച്ചാണ് പുതിയ പാലത്തിന്റെ രൂപകല്‍പ്പന. നിലവിലെ ബസ് സ്റ്റോപ്പിന് അപ്പുറത്ത് നിന്ന് തുടങ്ങി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം വന്നു ചേരുന്ന വിധത്തിലാണ് നിര്‍മാണം.
Next Story

RELATED STORIES

Share it