സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്‌: മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രരംഗത്തെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
തെന്നിന്ത്യന്‍ താരം പ്രകാശ്‌രാജ്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ സംവിധായകന്‍ രാജീവ് രവി, എഴുത്തുകാരായ എന്‍ എസ് മാധവന്‍, സേതു, സച്ചിദാനന്ദന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ബീനാ പോള്‍ ഉള്‍പ്പെടെ 107 പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അനുകൂലിച്ചതാണു മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് കാരണം. മന്ത്രി എ കെ ബാലന്‍ നേരിട്ടാണു മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അത് അവാര്‍ഡിന്റെ ശോഭ കെടുത്തുമെന്നും ഇവര്‍ പറയുന്നു.
സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം ഇത്.
ഈ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടുന്നത് കൂടിയാണെന്നും നിവേദനത്തില്‍ പറയുന്നു.
മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണയത്തില്‍ പുരസ്—കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആവും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത്.
ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യാതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്.
ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ഒരു കീഴ്—വഴക്കമായി മാറുമെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it