kannur local

സംസ്ഥാനത്ത കൂടുതല്‍ രക്തബാങ്കുകള്‍ ആരംഭിക്കും: കെ കെ ശൈലജ



കണ്ണൂര്‍: സംസ്ഥാനത്ത് കൂടുതല്‍ രക്ത ബാങ്കുകളും സെപറേഷന്‍ യൂനിറ്റുകളും ആരംഭിക്കുമെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രതിവര്‍ഷം നാലര ലക്ഷം യൂനിറ്റ് രക്തമാണ് കേരളത്തില്‍ ആവശ്യമായി വരുന്നത്. എന്നാല്‍, സന്നദ്ധ രക്തദാനത്തിലൂടെ 40 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ദാതാക്കളില്‍നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ വീഴ്ചയുണ്ടാവരുത്. പണത്തിനല്ലാതെ സ്വമേധയാ രക്തം നല്‍കാന്‍ തയ്യാറുള്ളവരുടേത് സ്വീകരിക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനം രണ്ടുവര്‍ഷത്തിനകം നിലവില്‍വരും. ഇതിനായി പദ്ധതി തയ്യാറായി. ആദ്യഘട്ടമെന്നോണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറ്ുമാസത്തിനുള്ളില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ട്രോമ കെയര്‍ സംവിധാനം ആരംഭിക്കും. റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ വര്‍ധിച്ചുവരികയാണ്. ഇവര്‍ക്ക് ഏറ്റവും വേഗത്തില്‍ അടിയന്തര ശുശ്രൂഷ ലഭ്യമാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാലിറ്റിയില്‍ പരിമിതമായ സൗകര്യങ്ങളാണ് ഉള്ളത്. ദേശീയപാതയിലെയും സംസ്ഥാനപാതയിലെയും തിരഞ്ഞെടുക്കപ്പെട്ട 35 ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം അപകടം നടന്ന സ്ഥലത്ത് വേഗത്തിലെത്താന്‍ ആംബുലന്‍സുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കും. അടിയന്തര ശുശ്രൂഷ ലഭ്യമാക്കുന്നതിന് ഉള്‍പ്പെടെ സൗകര്യം ആംബുലന്‍സില്‍ സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി ടി റംല അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. കെ നാരായണ നായിക്, ബ്ലോക്ക് പഞ്ചായത്തഗം ഷക്കീല്‍ അഹമ്മദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ഡിപിസി അംഗം കെ വി ഗോവിന്ദന്‍, ഡോ. ഷാഹുല്‍ ഹമീദ്, കെ കെ റിജു, പ്രവീണ്‍ മാടക്കല്‍, വൈഷ്ണവ്, ഡോ. ആര്‍ രമേഷ്, ഡോ. എ ടി മനോജ് സംസാരിച്ചു. ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ കേന്ദ്രം, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 2016-17 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ച പെരിതന്തല്‍മണ്ണ ഗവ. ആശുപത്രി (139), തിരുവനന്തപുരം ജനറല്‍ ആശുപത്രി (86), പാലക്കാട് ജില്ലാ ആശുപത്രി (81), കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി (44) എന്നിവിടങ്ങളിലെ രക്തബാങ്കുകള്‍ക്ക് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ഉപഹാരം മന്ത്രി വിതരണം ചെയ്തു. രക്തദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലി പഴയ ബസ്‌സ്റ്റാന്റ് പരിസരത്ത് ഡോ. ആര്‍ രമേഷ് ഫഌഗ് ഓഫ് ചെയ്തു. സഞ്ചരിക്കുന്ന ബ്ലഡ്ബാങ്കില്‍ നിരവധി ആളുകള്‍ രക്തംദാനം ചെയ്തു.
Next Story

RELATED STORIES

Share it