സംസ്ഥാനത്ത് 39,000 അധ്യാപകര്‍ അധികം; നിജസ്ഥിതി പരിശോധിക്കാന്‍ ഡിപിഐയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 39,000 അധ്യാപകര്‍ അധികമാണെന്ന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. റിപോര്‍ട്ടിലെ കണ്ടെത്തലിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം അധ്യാപകര്‍ അധികമായുണ്ടാവുമെന്ന് കരുതുന്നില്ല. സ്‌കൂളുകള്‍ പരിശോധിച്ച് യഥാര്‍ഥ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഐഡി വിവരങ്ങള്‍ പരിശോധിച്ച് സമ്പൂര്‍ണ ആപ്ലിക്കേഷന്‍ വഴിയാണ് വിദ്യാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തികാ നിര്‍ണയം നടത്തുന്നത്. ഇതില്‍ പിഴവ് വരാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയ സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഈ സ്‌കൂളുകളിലെ ശരിയായ വിദ്യാര്‍ഥികളുടെ എണ്ണം പരിശോധിച്ചാണ് അധ്യാപകരെ നിയമിച്ചത്. ബാക്കിയുള്ളവരുടെ സസ്‌പെന്‍ഷന്‍ തുടരുകയാണ്. ആദായകരമല്ലാത്ത സ്‌കൂളുകള്‍ പൂട്ടുകയോ സംയോജിപ്പിക്കുകയോ ചെയ്യണമെന്നത് അടക്കമുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ പൊതുവായി ആലോചിക്കേണ്ടതാണ്. സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ പ്രാദേശികമായ എതിര്‍പ്പുകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം 11ന് മുമ്പ് പൂര്‍ത്തിയാക്കും. അതേസമയം, സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെങ്കിലും മാറ്റം കിട്ടിയ ഇടങ്ങളില്‍ പരീക്ഷ കഴിഞ്ഞശേഷം അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാവും. അതുവരെ ഉത്തരവ് നടപ്പാക്കുന്നതിന് ഇളവ് അനുവദിക്കും. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ എസ്എസ്എ (സര്‍വ ശിക്ഷാ അഭിയാന്‍) ഫണ്ടില്‍ കുറവുവരുത്തി.
കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയാണ്. ആദ്യം 75:25 ആയിരുന്ന വിഹിതം ഇപ്പോള്‍ 65:35 ആക്കി. ഇത് 50:50 ആക്കാന്‍ നീക്കം നടക്കുന്നെന്നാണ് അറിയുന്നത്. ഇത് ഫണ്ടില്‍ വലിയതോതിലുള്ള കുറവുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it