palakkad local

സംസ്ഥാനത്ത് 1200 സ്‌നേഹവീടുകള്‍ നല്‍കും: മന്ത്രി ജയലക്ഷ്മി

പാലക്കാട്: സംസ്ഥാനത്ത് വീടുകളില്ലാത്തവര്‍ക്ക് 1200 സ്‌നേഹവീടുകള്‍ നല്‍കാനുള്ള പദ്ധതിയുടെ നടപടി പൂര്‍ത്തിയായെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. പറമ്പിക്കുളം സുങ്കം പ്രീ മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി എത്താത്ത പട്ടികവര്‍ഗ കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ ഉപയോഗിച്ച് നടപ്പാക്കുമെന്നും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനും ഹോസ്റ്റല്‍ സൗകര്യം അത്യാവശ്യമാണെന്നും അവര്‍ അറിയിച്ചു. ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രീ മെട്രിക് ഹോസ്റ്റലില്‍ 50 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതില്‍ 13.78 ലക്ഷം വനംവകുപ്പും 109.30 ലക്ഷം രൂപ പട്ടികവര്‍ഗ വകുപ്പും, സുങ്കം എ ഡി സി 3.2 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 20 ലക്ഷവും ഹോസ്റ്റലിലെ ഭക്ഷണശാലയുടെ നിര്‍മാണത്തിന് ചെലവഴിച്ചു.
2003ല്‍ അനുമതി ലഭിച്ച് 2010ല്‍ പണി ആരംഭിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് അനുവദിച്ച് 11 ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ എട്ടെണ്ണം പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് അനുവാദം നല്‍കിയ പുതിയ ആറ് ഹോസ്റ്റലുകളില്‍ മൂന്നെണ്ണം മള്‍ട്ടി പര്‍പ്പസ് ഹോസ്റ്റലുകളാണ്. പറമ്പികുളം പട്ടികവര്‍ഗ കോളനിക്കാര്‍ എടുത്തിട്ടുള്ള ഒരുലക്ഷം വരെയുള്ള വായ്പകള്‍ എഴുതിതള്ളാനുള്ള നടപടിയായെന്നും മന്ത്രി പറഞ്ഞു.
സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 700 പേര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍മാരായി ഇതുവരെ നിയമനം നല്‍കി കഴിഞ്ഞു. വയനാടും പാലക്കാടും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസ് നിയമനത്തിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സുങ്കം-കുരിയാര്‍കുറ്റി-കടവ് കോളനികള്‍ സന്ദര്‍ശിച്ച് അവരുടെ പരാതികള്‍ സ്വീകരിച്ചുമാണ് മന്ത്രിയും ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയും മടങ്ങിയത്. യോഗത്തില്‍ വി. ചെന്താമരാക്ഷന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍, മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ , പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.എന്‍.അഞ്ജന്‍കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എസ്. ഷമീന തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it