സംസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: നാലു കോളജുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ച സ്‌പോട്ട് അഡ്മിഷന്‍ ഇന്നലെ നിര്‍ത്തിവച്ചു. നാലു കോളജുകളിലായി ഉണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റിലേക്കും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതിനു പിന്നാലെ വന്ന കോടതി വിധി വിദ്യാര്‍ഥികള്‍ക്കു വലിയ തിരിച്ചടിയായി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് പ്രവേശന നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി കെ സുധീര്‍ ബാബു ഉത്തരവിട്ടത്. അന്തിമവിധി വരും വരെ ഈ സീറ്റുകളിലെ പ്രവേശനത്തിന് യാതൊരു സാധുതയുമില്ല.സുപ്രിംകോടതി വിധിക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു. പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയശേഷമാകും അടുത്ത അഡ്മിഷന്‍. പത്താം തിയ്യതിക്കകം അഡ്മിഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 1,100ഓളം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നത്. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളുമായി ആയിരക്കണക്കിനു പേരാണ് പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി തലസ്ഥാനത്ത് ഹോട്ടലുകളിലും മറ്റുമായി കഴിയുന്നത്.

Next Story

RELATED STORIES

Share it