സംസ്ഥാനത്ത് സ്ത്രീ- പുരുഷ അനുപാതം വര്‍ധിച്ചു

എന്‍  എ  ശിഹാബ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതം വര്‍ധിക്കുന്നതായി പ്ലാനിങ് ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക സര്‍വേ. 2016-17 വര്‍ഷത്തില്‍ പുരുഷ അനുപാതം 16027.41ഉം സ്ത്രീ അനുപാതം 17378.65ഉം ആണ്. ഇതനുസരിച്ച് സ്ത്രീ അനുപാതം പുരുഷ അനുപാതത്തേക്കാള്‍ 1351.24 എണ്ണം കൂടുതലാണ്. 2014-15ല്‍ സ്ത്രീ-പുരുഷ അനുപാതത്തിലെ വ്യത്യാസം 904.15 ആയിരുന്നു. 15468.61 പുരുഷന്മാര്‍ക്ക് 16372.76 സ്ത്രീകളാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1970-71ല്‍ 9361.93 പുരുഷന്മാര്‍ക്ക് 8541.89 സ്ത്രീകളാണുണ്ടായിരുന്നത്. 1980-81ല്‍ ഇത് യഥാക്രമം 10587.85- 10759.52 ആയിരുന്നു. 1990-91ല്‍ പുരുഷ അനുപാതം 12608.74ഉം സ്ത്രീ അനുപാതം 12885.08ഉം ആയിരുന്നു. 2000-01ല്‍ ഇതു യഥാക്രം 14288.99ഉം 14809.52ഉം ആയി വര്‍ധിച്ചു. 2011-12ല്‍ 15468.61 പുരുഷന്മാര്‍ക്ക് 16372.76 സ്ത്രീകളാണുണ്ടായിരുന്നത്. സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചതോതിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. യഥാക്രമം 7.56- 8.85 ശതമാനം വീതം. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 0.25- 0.26 ശതമാനം. കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇപ്പോള്‍ 60 വയസ്സിന് മുകളിലുള്ള 42 ലക്ഷം വയോജനങ്ങളുണ്ടെന്നാണു കണക്കാക്കുന്നത്. ഇതില്‍ 13 ശതമാനം 80 വയസ്സിന് മുകളിലുള്ളവരാണ്. ഇവരില്‍ കൂടുതലും വിധവകളായ സ്ത്രീകളാണെന്നും കണക്കാക്കുന്നു. സ്ത്രീകളുടെ ജീവിതായുസ്സ് പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലാണ്്. സ്ത്രീകളുടേത് 76.9ഉം പുരുഷന്മാരുടേത് 71.4ഉം ആണ്. 2025ഓടെ ആകെ ജനസംഖ്യയുടെ 20 ശതമാനവും വയോജനങ്ങളായിരിക്കും. ഇവരുടെ സാമൂഹികസുരക്ഷ അടിസ്ഥാന മനുഷ്യാവകാശമാണെന്നും ചാരിറ്റിയായി മാത്രം കാണരുതെന്നും ഇക്കണോമിക് സര്‍വേ ഓര്‍മിപ്പിക്കുന്നു. സ്ത്രീ-പുരുഷ തൊഴില്‍ അനുപാതം ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നഗരമേഖലയില്‍ കുറഞ്ഞുവരുകയാണ്. 2011-12ല്‍ 19.1 ശതമാനമുണ്ടായിരുന്നത് 17.7 ശതമാനമായി കുറഞ്ഞു. നഗരത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ വര്‍ധിച്ചതാണ് ഇതിനു കാരണം. ഏറ്റവും കുറവ് സ്ത്രീകള്‍ തൊഴിലെടുക്കുന്ന ജില്ല മലപ്പുറമാണ്. ഗ്രാമീണമേഖലയില്‍ 11.6 ശതമാനവും അര്‍ബന്‍ മേഖലയില്‍ 7.6 ശതമാനവുമാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്ന ജില്ലകള്‍ യഥാക്രമം ഇടുക്കിയും കാസര്‍കോടുമാണ്. ഇടുക്കിയില്‍ റൂറല്‍- 38.5, നഗരം-19.3, കാസര്‍കോട് റൂറല്‍- 31.8, നഗരം- 18.9ഉം വീതമാണ്. സ്ത്രീ-പുരുഷ തൊഴില്‍ അനുപാതം ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ റൂറല്‍ മേഖലയില്‍ 56.2 ശതമാനം പുരുഷന്മാരും 12.6 ശതമാനം സ്ത്രീകളുമാണ് തൊഴിലെടുക്കുന്നത്. നഗരമേഖലയില്‍ 55.3 ശതമാനം പുരുഷന്മാരും 10.8 ശതമാനം സ്ത്രീകളും തൊഴിലെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it