സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളില്‍ വര്‍ധന

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ വര്‍ധനവെന്ന് റിപോര്‍ട്ട്. ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരം ഈ വര്‍ഷം ഇതുവരെ 947 സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഏഴുവരെ റിപോര്‍ട്ട് ചെയ്ത കണക്കാണിത്. ഏറ്റവും അധികം സ്ത്രീപീഡന കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 127 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാമത് കൊല്ലം ജില്ലയാണ്. 113 കേസുകളാണ് കൊല്ലത്ത് രണ്ടുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. 33 കേസുകള്‍ വീതം റിപോര്‍ട്ട് ചെയ്ത വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ് സ്ത്രീപീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട 38, ആലപ്പുഴ, 40, കോട്ടയം 41, എറണാകുളം 78, തൃശൂര്‍ 97, പാലക്കാട് 44, മലപ്പുറം 76, കോഴിക്കോട് 95, കണ്ണൂര്‍ 67, കാസര്‍കോട് 52 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇതിന് പുറമെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 13 കേസുകള്‍ റെയില്‍വേയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പീഡനക്കേസുകള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 61,867 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52,227 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. കുറ്റവാളികളില്‍ 70,458 പേരാണ് അറസ്റ്റിലായവര്‍. ഇവരില്‍ 1563 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം സ്ത്രീപീഡനങ്ങള്‍ നടന്നത്. 8,217 സ്ത്രീകളാണ് ഈ കാലയളവില്‍ തലസ്ഥാനത്ത് പീഡനത്തിനിരയായവര്‍.
നഗരപരിധിയില്‍ 2,489 പേരും ഗ്രാമപ്രദേശങ്ങളില്‍ 5,728 പേരും അതിക്രമത്തിനിരയായതായി റിപോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് സ്ത്രീപീഡനങ്ങള്‍ നടന്നിട്ടുള്ളത്. 2001 പേരാണ് ഇടുക്കിയില്‍ പീഡനത്തിനിരയായവര്‍. വയനാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 2500ല്‍ താഴെ മാത്രം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. മറ്റു ജില്ലകളിലെല്ലാം 3000നു മുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2011ല്‍ 8218 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. 2012 ആയപ്പോഴേയ്ക്കും ഇത് 12,215 ആയി വര്‍ധിച്ചു. 2013ല്‍ 13,867, 2015ല്‍ 12,034 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. എന്നാല്‍ ഈ വര്‍ഷം ഒരുമാസത്തെ കണക്ക് പരിശോധിച്ചപ്പോള്‍ തന്നെ 947 കേസുകളുണ്ട്. അതിക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി ഉയരുന്നതായാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it