Flash News

സംസ്ഥാനത്ത് സിപിഎം സമഗ്ര കുടുംബ സര്‍വേ ആരംഭിച്ചു; വ്യക്തിജീവിതം മുതല്‍ സാമൂഹികജീവിതം വരെ അന്വേഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു സിപിഎം നേതൃത്വത്തില്‍ ആരംഭിച്ച സമഗ്ര കുടുംബ സര്‍വേ വിവാദമാവുന്നു. സര്‍വേയിലൂടെ ഓരോ കുടുംബാംഗങ്ങളുടെയും വ്യക്തിജീവിതം മുതല്‍ സാമൂഹികജീവിതം വരെ അന്വേഷിച്ചു രേഖപ്പെടുത്തുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമഗ്ര കുടുംബ സര്‍വേ വ്യക്തികളുടെ സ്വകാര്യതയ്ക്കു നേരെയുള്ള കടന്നാക്രമണമാണെന്ന പേരില്‍ കടുത്ത പ്രതിഷേധവും ആശങ്കയുമാണു ജനങ്ങള്‍ക്കിടയിലുള്ളത്. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വാധീനമുറപ്പിക്കുന്നതിനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനാണു സര്‍വേ എന്നാണു പാര്‍ട്ടി അണികള്‍ വീടുകളിലെത്തി വിശദീകരിക്കുന്നത്.
അതേസമയം എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘട്ടനത്തിനിടെ അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു വര്‍ഗീയതാ വിരുദ്ധ പ്രചാരണത്തിലാണ് സംസ്ഥാനത്തു സിപിഎം രംഗത്തുള്ളത്. ഇതിനിടെ തീവ്ര മതചിട്ട പുലര്‍ത്തുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിലയിരുത്തലാണു പാര്‍ട്ടിക്കുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി സര്‍വേ നടത്താനും അണികളെ വരെ നിരീക്ഷിക്കാനുമാണു പാര്‍ട്ടി ശ്രമമെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനിടെയാണു സമഗ്ര കുടുംബസര്‍വേയുമായി വീടുക ള്‍ കയറിയിറങ്ങുന്നത്. പ്രത്യേകം തയ്യാറാക്കിയ ഫോറത്തി ല്‍ കുടുംബവിവരങ്ങള്‍ സമഗ്രമായി ശേഖരിക്കുന്നുണ്ട്. ജാതിയും മതവുമില്ലാത്ത മതനിരപേക്ഷത പ്രസംഗിക്കുന്ന പാര്‍ട്ടി കുടുംബ സര്‍വേയില്‍ പ്രധാനമായും ചോദിക്കുന്നതു ജാതിയും മതവും സംബന്ധിച്ചാണ്.
മതവും ജാതിയും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, സ്ഥാനമുണ്ടോ, സമുദായവുമായി ബന്ധപ്പെട്ട ഏതെങ്കിലും കമ്മിറ്റിയില്‍ ഭാരവാഹിത്വമുണ്ടോ തുടങ്ങിയ ചോദ്യവുമുണ്ട്.
വീട്ടിലെ ഓരോരുത്തരുടെയും രാഷ്ട്രീയബന്ധങ്ങള്‍, പൊതുപ്രവര്‍ത്തനം, സാമൂഹിക ഇടപെടലുകള്‍ എന്നിവ വിശദമായി ശേഖരിക്കുന്നുണ്ട്. കൂടാതെ വീട്ടിലെ അംഗങ്ങള്‍, തൊഴില്‍, തൊഴില്‍ ചെയ്യുന്ന സ്ഥാപനം, ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എന്നിവയും വിശദമായി അന്വേഷിക്കുന്നു. മുമ്പു വോട്ടെടുപ്പില്‍ പങ്കാളികളായിട്ടുണ്ടോ എന്നും ചോദ്യാവലിയിലുണ്ട്. അതേസമയം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്വാധീനം തിരിച്ചറിയാനാണു സര്‍വേയെന്നാണു വിവരം.
ന്യൂനപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, അനുഭാവികള്‍, സഹസംഘടനകളുടെ അംഗങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിലൂടെ നിഗൂഢ പദ്ധതികളാണു സര്‍വേക്കു പിന്നിലുള്ളത്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിലും ഇപ്പോള്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലും സംസ്ഥാനത്തുടനീളം നിരപരാധികളുടെ വീടുകളില്‍ കയറിയിറങ്ങിയ പോലിസ് നൂറുകണക്കിനാളുകളെ അനധികൃത കസ്റ്റഡിയില്‍ വച്ചും റെയ്ഡ് നടത്തിയും പീഡിപ്പിച്ചിരുന്നു. ഇത്തരം സര്‍വേകളിലൂടെ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണു പോലിസ് നിരപരാധികളെ വേട്ടയാടിയതെന്ന ആക്ഷേപം ശക്തമായിരിക്കെയാണു പുതിയ സമഗ്ര സര്‍വേക്ക് പാര്‍ട്ടി തുടക്കംകുറിച്ചത്.
സംഘപരിവാര സംഘടനകളും സിപിഎമ്മും വിവിധ ലക്ഷ്യത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇത്തരം പ്രാദേശിക സര്‍വേകള്‍ സംസ്ഥാനത്തു നടത്തുന്നതായി വിമര്‍ശനമുണ്ട്. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി സിപിഎം സംസ്ഥാനത്ത് ഇത്തരം കുടുംബസര്‍വേ നടത്തിയിരുന്നു.
സാമൂഹിക സാമ്പത്തിക സര്‍വേയിലുള്ള സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളുടെയും ഡാറ്റാബാങ്കുണ്ടാക്കുകയും തിരഞ്ഞെടുപ്പു പ്രവര്‍ത്തനം അതിനനുസരിച്ച് ക്രമീകരിച്ച് ആസൂത്രണം ചെയ്യുകയുമായിരുന്നത്രെ സര്‍വേയുടെ ലക്ഷ്യം. അന്ന് 30 ചോദ്യങ്ങളുള്ള ഫോറമാണ് തയ്യാറാക്കിയിരുന്നത്.
വിദ്യാഭ്യാസം, ജോലി, വരുമാനം, ജാതി, മതം, മിശ്രവിവാഹിതരാണോ, എപിഎല്‍, ബിപിഎല്‍, ഫോണ്‍, പാചകവാതകം, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടോ, വര്‍ഗബഹുജന സംഘടനാ അംഗത്വം, മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, എല്ലാ വിവരങ്ങളും ശേഖരിച്ചിരുന്നു. ജോലി വിദേശത്താണെങ്കില്‍ ഏതു രാജ്യത്ത് എന്നും വ്യക്തമാക്കണമായിരുന്നു. പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെ ഇത്തരം അനധികൃത സര്‍വേകള്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it