സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധവളപത്രം ഇറക്കണം: കെ സി ജോസഫ്‌

കോട്ടയം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നും നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ. ധനമന്ത്രി തോമസ് ഐസക് യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും വഴിവിട്ട ചെലവുകളുമാണ് ഈ അവസ്ഥയിലെത്തിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണക്കാരനായ ധനമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വായ്പയെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച 20,402 കോടി രൂപയും വായ്പയെടുത്ത് ചെലവഴിച്ചുകഴിഞ്ഞു. ഇനി വായ്പയെടുക്കാന്‍ പോലും കഴിയില്ല. ജിഎസ്ടി നടപ്പാക്കിയതുമൂലമുള്ള പ്രതിസന്ധിയാണെന്ന ധനമന്ത്രിയുടെ വാദം ശരിയല്ല. 2018- 19ലെ ബജറ്റ് രേഖകള്‍ക്കൊപ്പം കിഫ്ബി സംബന്ധിച്ച വിവരങ്ങളും നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. അതേസമയം, കേരളാ കോ ണ്‍ഗ്രസ്സിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അവര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് കെ സി ജോസഫ് പഞ്ഞു. പന്ത് അവരുടെ കോര്‍ട്ടില്‍ തന്നെയാണ്. കേരളാ കോ ണ്‍ഗ്രസ്സിനെ യുഡിഎഫില്‍നിന്നു പുറത്താക്കിയതല്ല. യുഡിഎഫിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. കേരളാ കോണ്‍ഗ്രസ്സിനെയും മാണിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കെസിയുടെ മറുപടി.
Next Story

RELATED STORIES

Share it