Most popular

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ സുലഭം; നടപടിയെടുക്കാതെ അധികൃതര്‍

നിഷ ദിലീപ്

കൊച്ചി: സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ വില്‍പനയും വിതരണവും വ്യാപകമാവുന്നു. ഉപയോഗയോഗ്യമല്ല എന്നു കണ്ടെത്തിയ വിവിധ ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ പലതവണ നിരോധിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ വിപണിയില്‍ തിരിച്ചെത്തുകയാണ്. ചില പ്രത്യേക ബ്രാന്‍ഡുകള്‍ നിരോധിച്ചതായി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പു തന്നെ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ഈ നിരോധനങ്ങളെല്ലാം മറികടന്ന് വ്യാജന്മാ ര്‍ വിപണിയില്‍ പിടിമുറുക്കുകയാണ്.
മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ കൂടുതലും ഉല്‍പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലേക്കും ഇവ വിതരണം നടത്തുന്നത് കൊച്ചിയില്‍ നിന്നാണ്. മൂവാറ്റുപുഴയ്ക്കടുത്ത് ഒരു വെളിച്ചെണ്ണ കമ്പനിയിലേക്ക് വെളിച്ചെണ്ണയുമായി വന്ന ടാങ്കര്‍ റോഡിലെ കുഴിയില്‍ വീണു മറിഞ്ഞപ്പോള്‍ പുറത്തേക്ക് ഒഴുകിയത് മൃഗക്കൊഴുപ്പായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ മൂവാറ്റുപുഴയിലെ വെളിച്ചെണ്ണ കമ്പനിക്കെതിരേ രംഗത്തുവന്നിരുന്നു. ശുദ്ധമായ വെളിച്ചെണ്ണ എന്നുപറഞ്ഞ് നമുക്കു ലഭിക്കുന്ന വെളിച്ചെണ്ണയില്‍ മുക്കാല്‍ഭാഗവും മൃഗക്കൊഴുപ്പാണെന്നതാണു വാസ്തവം. വെളിച്ചെണ്ണയുടെ ആകര്‍ഷകമായ മണം ഒഴികെ വെളിച്ചെണ്ണയില്‍ ഉണ്ടാവേണ്ട ഘടകങ്ങള്‍ ഒന്നുമില്ലാതെ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്‍പന്നമാണ് വെളിച്ചെണ്ണയായി വിപണിയിലെത്തുന്നത്. പാം കെര്‍ണല്‍ ഓയിലാണ് ഇതില്‍ 85 ശതമാനം. നിറവും മണവും കിട്ടാന്‍ ലാറിക് ആസിഡും. 15 ശതമാനം വെളിച്ചെണ്ണയും ചേര്‍ക്കും. കൊപ്രയും നാളികേരവുമില്ലാതെ വെളിച്ചെണ്ണ ഉണ്ടാക്കി, കേരളത്തില്‍ വിറ്റ് കോടികളുണ്ടാക്കുന്ന തമിഴ്‌നാട് ലോബിയാണ് ഇതിനുപിന്നി ല്‍. ഉല്‍പാദകരെ കൂടാതെ ഈ കച്ചവടത്തില്‍ കൊള്ളലാഭം ഉണ്ടാക്കുന്നത് മൊത്തക്കച്ചവടക്കാരാണ്. പൊതുവിപണിയിലെ വെളിച്ചെണ്ണ ചില്ലറവില്‍പന വില കിലോഗ്രാമിന് 110 രൂപയിലെത്തി നില്‍ക്കെ 60 രൂപയ്ക്കാണ് വ്യാജ വെളിച്ചെണ്ണ മൊത്തവ്യാപാരികള്‍ക്കു കിട്ടുന്നത്.
ഹോട്ടലുകളും തട്ടുകടകളും റസ്റ്റോറന്റുകളുമാണ് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന വ്യാജവെളിച്ചെണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍. തട്ടുകടകളില്‍ ഇവയുടെ ഉപയോഗം വ്യാപകമാവുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. എഡിബിള്‍ ഓയില്‍ എന്ന പേരില്‍ ടാങ്കറുകളില്‍ കൊണ്ടുവരുന്ന എണ്ണ അതിര്‍ത്തിയില്‍ വിവിധ കേന്ദ്രങ്ങളില്‍വച്ച് രഹസ്യമായി പാക്ക് ചെയ്താണ് കൊച്ചിയില്‍ എത്തിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സമയത്താണ് തമിഴ്‌നാട്ടിലെ കാങ്കയത്ത് ഉല്‍പാദിപ്പിച്ച് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ എത്തിച്ചുതുടങ്ങിയത്.
വില താഴ്‌ന്നെങ്കിലും താരതമ്യേന ശുദ്ധമായ വെളിച്ചെണ്ണ വില്‍ക്കുന്നതിലും ലാഭം ഈ ഇടപാടില്‍ ലഭിക്കുമെന്നതിനാല്‍ വ്യാജ വെളിച്ചെണ്ണ ലോബി ഈ രംഗത്ത് സജീവമായി തുടരുകയാണ്. വ്യാജന്‍ വ്യത്യസ്ത ബ്രാ ന്‍ഡുകളിലാണു വിപണിയിലുള്ളത്. ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാതെ ലാഭം നോക്കി വാങ്ങി ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നീങ്ങുമ്പോഴും നടപടിയെടുക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
Next Story

RELATED STORIES

Share it