palakkad local

സംസ്ഥാനത്ത് വീണ്ടും മുദ്രപത്രക്ഷാമം

എസ് സുധീഷ്

ചിറ്റൂര്‍: സംസ്ഥാനത്ത് വീണ്ടും മുദ്രപത്രക്ഷാമം രൂക്ഷമാവുന്നു. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. 20 രൂപയുടെയും 500, 1000ത്തിന്റേതും ഉണ്ടെങ്കിലും സ്റ്റോക്ക് പരിമിതമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന 100, 50, 200 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്.

എന്നാണ് ചുരുങ്ങിയ രൂപയുടെ മുദ്രപത്രമെത്തുകയെന്ന കാര്യത്തില്‍ അവ്യക്തതയുമുണ്ട്. എറണാകുളത്തെ സ്റ്റാമ്പ് ഡിപ്പോയില്‍ തന്നെ മുദ്രപത്രം സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍ നിന്ന് മുദ്രപത്രം അച്ചടിച്ച് വന്നെങ്കില്‍ മാത്രമേ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാനാവൂ. അതിന് എത്രദിവസം വേണ്ടിവരുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് തന്നെ വ്യക്തതയില്ല.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അടിക്കിടെ മുദ്രപത്രത്തിന് ക്ഷാമമുണ്ടാകുന്നതിന് കാരണമാക്കുന്നതെന്നും ആക്ഷേപമുണ്ട്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ സാധാരണക്കാര്‍ക്കൊപ്പം ആധാരമെഴുത്തുകാരും ദുരിതത്തിലായിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന ഭവനരഹിതര്‍ക്ക് വീട് വെയ്ക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. ഈ ധനസഹായം ലഭിക്കുന്നവര്‍ പഞ്ചായത്ത് സെക്രട്ടറി, ബി.ഡി.ഒ. എന്നിവരുമായി 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യില്ലെന്ന് കാണിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അതിനും മുദ്രപത്രക്ഷാമം വിലങ്ങുതടിയാവുകയാണ്.

ഇതോടെ കൂടുതല്‍ തുകയ്ക്കുള്ള മുദ്രപത്രം വാങ്ങിക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകുന്നത് സാമ്പത്തിക ദുരിതവും വര്‍ധിപ്പിക്കുന്നുണ്ട്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ രജിസ്‌ട്രേഷനുകളെ അത് സാരമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it