palakkad local

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

വാളയാര്‍: സംസ്ഥാനത്ത് മലയോര മേഖലകളുള്‍പ്പടെയുള്ള ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ തുടുരുമ്പോഴും പ്രതിരോധ നടപടികള്‍ പ്രഹസനമാവുന്നത് മരണസംഖ്യ ഉയരാന്‍ കാരണമാവുന്നു. വന്യജീവി ആക്രമണത്തി ല്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം മരിക്കുന്നവരുടെ എണ്ണം ഏകദേശം അറുപതിലധികം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ മാത്രം 54 പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും മണ്ണാര്‍ക്കാട് ഡിവിഷനിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലമ്പുഴ മേഖലയില്‍ മാത്രം രണ്ടു വര്‍ഷത്തിനിടെ 3 പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മുന്‍വര്‍ഷങ്ങളില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത കാലത്തായി പാലക്കാട് ജില്ലയിലും വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജനവാസമേഖലകളിലെ കാട്ടാനകളുടെ ആക്രമണത്തിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടിട്ടുള്ളത്. വന്യജീവികളുടെ ശല്യം തടയാന്‍ സൗരോര്‍ജ്ജ വേലിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ പ്രഹസനമാവുകയാണ്. വനാതിര്‍ത്തികളിലെ സൗരോര്‍ജ വേലി, പ്രതിരോധ കിടങ്ങുകള്‍, മതിലുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലെടുക്കുന്ന നടപടികളെല്ലാം കടലാസിലൊതുങ്ങുകയാണ്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 3 മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെങ്കിലും ഇതിലെ കാലതാമസം മരിച്ചവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയവരില്‍ 70 ശതമാനത്തോളം പേര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ തുരത്താന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകളുണ്ടെങ്കിലും ഇവരുടെ കൈയ്യിലുള്ള റബ്ബര്‍ ബുള്ളറ്റുകളുപയോഗിച്ച് വെടിവയ്ക്കണമെങ്കില്‍ ആനയുടെ 20 മീറ്റര്‍ സമീപത്തെത്തണമെന്നിരിക്കെ ഇത്രയും വിദഗ്ദരായ ടീമുകളില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആക്രമണകാരികളായ കൊമ്പന്മാരെ മയക്കുവെടി വച്ച് കോളര്‍ഐഡ് ഘടിപ്പിച്ച് കാട്ടിലേക്ക് വിടുകയും ഇവയുടെ സഞ്ചാരം നിരീക്ഷിച്ച് ജനങ്ങള്‍ക്ക് നടവഴി മുന്നറിയിപ്പ് നല്‍കണമെന്നിരിക്കെ ഇതൊക്കെ സ ംസ്ഥാനത്തൊരിടത്തും നടപ്പാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, വന്യമൃഗങ്ങള്‍ നശിപ്പിച്ച കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരം ഇപ്പോഴും പലര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതിയുയരുന്നത്. വന്യജീവിയാക്രമണത്തെ തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടികളെല്ലാം ഫലവത്താവാത്തതാണ് അടുത്തിടെയായി വന്യജീവ ആക്രമണം വര്‍ധിക്കാന്‍ കാരണമാവുന്നത്. വനത്തിലുള്ളിലെ ആവാസവ്യവസ്ഥകളിലെ കൈയേറ്റങ്ങളും കാട്ടുതീയും അരുവികളിലെ ജലദൗര്‍ലഭ്യവും നായാട്ടു സംഘങ്ങളുടെ ശല്യവുമാണ് ആനകള്‍ ജനവാസമേഖലകളിലിറങ്ങാന്‍ കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത് വന്യജീവിയാക്രമണം വര്‍ധിക്കുമ്പോഴും പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാവാത്തതും മനുഷ്യന്റെ കടന്നുകയറ്റം തടയുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാവാത്തിടത്തോളം വരും വര്‍ഷങ്ങളിലും വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുമെന്നതില്‍ സംശയമില്ല.
Next Story

RELATED STORIES

Share it