Flash News

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു ; 138 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു



തിരുവനന്തപുരം:  പകര്‍ച്ചപ്പനി വ്യാപകമായതോടെ സംസ്ഥാനത്ത് ഇന്നലെ രണ്ടു പേര്‍ പനി ബാധിച്ച് മരിച്ചു. എറണാകുളം കാലടി സ്വദേശി സുബൈറ അഷ്‌റഫ്, തിരുവനന്തപുരം വര്‍ക്കല സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് മരിച്ചത്.  സംസ്ഥാനത്ത് ഇന്നലെ പനിക്ക് മാത്രം ചികില്‍സ തേടിയത് 25104 പേര്‍. ഇതില്‍ 786 പേര്‍ വിദഗ്ധ ചികില്‍സയ്ക്കായി വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി. ഏറ്റവും കൂടുതല്‍ പനിബാധിതര്‍ തലസ്ഥാനത്താണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3975 പേര്‍ തിരുവനന്തപുരത്ത് വിവിധ ആശുപത്രികളിലായി ചികില്‍സ തേടി. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 752 പേരാണ് ഇവിടെ ചികില്‍സ തേടിയത്. ഡെങ്കിപ്പനി രോഗ ലക്ഷണവുമായി ഇന്നലെ സംസ്ഥാനത്ത് 795 പേര്‍ ചികില്‍സ തേടിയെത്തി.  ഇവരില്‍ 138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ ചികില്‍സ തേടിയെത്തിയവരില്‍   ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു പേര്‍ക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു. എട്ടു പേര്‍ക്ക്  എച്ച്1എന്‍1 സ്ഥിരീകരിച്ചതായും റിപോര്‍ട്ടുണ്ട്. എറണാകുളം ജില്ലയില്‍ അഞ്ചു പേരില്‍ രോഗം കണ്ടെത്തി. മലപ്പുറത്ത് രണ്ടു പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍  ചികില്‍സ തേടിയെത്തിയ ഒരാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തി.   അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചപ്പനി ചികില്‍സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്‍ ആരംഭിച്ചു.  ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നിലവിലുള്ള കോള്‍ സെന്ററായ ദിശ 1056ലാണ് മോണിറ്ററിങ് സെല്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it