Flash News

സംസ്ഥാനത്ത് മഴ കനത്തു; ഏഴ് മരണം

സംസ്ഥാനത്ത് മഴ കനത്തു; ഏഴ് മരണം
X

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഏഴുപേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടു പേര്‍വീതവും കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുമാണ്  മരിച്ചത്. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷി ഒലിച്ചുപോയി.
കാസര്‍കോട്ട് കഴിഞ്ഞദിവസം പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. അഡൂര്‍ ദേലംപാടി ചെര്‍ലകൈയിലെ ചനിയ നായിക്കി(65)ന്റെ മൃതദേഹമാണ് പയസ്വിനി പുഴയില്‍ കണ്ടെത്തിയത്.  കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരി മരിച്ചു.  മുഹമ്മദ് അന്‍സിഫ്-മുംതാസിന്റെ മകളും കടപ്പുറം പിപിടിഎ എല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയുമായ ഫാത്തിമ സൈനബ് ആണ് മരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുത്താറിപ്പീടികയില്‍ ശക്തമായ കാറ്റിലും മഴയിലും കടപുഴകിയ തെങ്ങ് മുറിച്ചുമാറ്റവെ സമീപത്തെ തോട്ടിലേക്കു വീണ് വൃദ്ധന്‍ മരിച്ചു. ഡെയ്‌ലിമാര്‍ട്ട് ഉടമ ചമ്പാട് അരയാക്കൂലില്‍ കുന്നുമ്മല്‍ യുപി സ്‌കൂളിനു സമീപം മദയോത്ത് താഴെ കുനിയില്‍ എം എന്‍ രവീന്ദ്രന്‍ (66) ആണ് മരിച്ചത്.

കോഴിക്കോട് ഫറോക്കില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവീണ് കാല്‍നടയാത്രക്കാരി മരിച്ചു. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാര്‍കുട്ടിയുടെ ഭാര്യ കുരിക്കള്‍കണ്ടി ഖദീജക്കുട്ടി(60)യാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. മരച്ചില്ല വീണ് ചിറപ്പനവിളാകത്ത് വീട്ടില്‍ പൊന്നമ്മ(65)യും വീടിന് സമീപത്തെ തെങ്ങ് കടപുഴകി പെരിങ്കടവിള ആങ്കോട് ശ്രീദീപം വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ദീപ(45)യുമാണ് മരിച്ചത്. ദേശീയപാതയില്‍ മൂന്നിടത്ത് മരം മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. നേമം മുതല്‍ പാറശ്ശാല വരെ വൈദ്യുതിബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. വെഞ്ഞാറമൂട് ചെമ്പിട്ടവിളയിലും വെള്ളറടയിലും കാറ്റില്‍ വീടുകള്‍ തകര്‍ന്നു.

ആലപ്പുഴ എടത്വയില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ തലവടി ആഞ്ഞിലമൂട്ടില്‍ വിജയകുമാര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ജില്ലയില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. 11ാം തിയ്യതി വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it