Flash News

സംസ്ഥാനത്ത് മഴയെത്തി ; നെല്ലറ വരള്‍ച്ചയില്‍



വിജയന്‍  ഏഴോം

പാലക്കാട്: തെക്കന്‍ ജില്ലകളി ല്‍ മഴ തിമിര്‍ത്തുപെയ്യുമ്പോള്‍ മഴമേഘങ്ങള്‍ക്കായി കാത്തിരിക്കുകയാണു പാലക്കാട്ടുകാര്‍. മെയ് 29ന് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുമ്പോള്‍ കാര്‍ഷിക ജില്ലയായ പാലക്കാടിനെ മഴ കനിഞ്ഞില്ല. കണ്ണൂരും എറണാകുളവും കൊല്ലവുമടക്കമുള്ള എല്ലാ ജില്ലകളിലെയും കിണറുകളും പുഴകളും നിറഞ്ഞു കവിയുമ്പോ ള്‍ പാലക്കാട്ടെ ഭാരതപ്പുഴ ക്രിക്കറ്റ് ഗ്രൗണ്ടായി മാറിയെന്നതാണു വസ്തുത. ജില്ലയുടെ പടിഞ്ഞാറന്‍-തെക്കന്‍ മേഖലകളടക്കം കുടിനീരിനായി പരക്കംപായുകയാണ്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴപെയ്തിട്ടുണ്ട്. എന്നാല്‍ പാലക്കാട്ട്  രേഖപ്പെടുത്താന്‍ മാത്രം മഴയുണ്ടായിട്ടില്ല. ജില്ലയില്‍ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളില്‍ ചെറിയ രീതിയില്‍ മഴ പെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഴകിട്ടിയത് തൃത്താലയില്‍- 10.3 മില്ലീമീറ്റര്‍.മെയ് 25 മുതല്‍ 31 വരെയുള്ള കണക്കു പരിശോധിച്ചാല്‍ 29.3 മില്ലീമീറ്റര്‍ മഴ മാത്രമാണു ജില്ലയില്‍ പെയ്തത്. 40 മില്ലീമീറ്ററാണു സാധാരണയായി പെയ്യേണ്ടത്. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെയുള്ള കണക്ക് പരിശോധിച്ചാലാവട്ടെ കിട്ടിയത് 250.9 മില്ലീമീറ്റര്‍ മഴയാണ്. സാധാരണയായി ലഭിക്കേണ്ടത് 279.9 മില്ലീമീറ്ററും.ഇനിയും മഴ കനിഞ്ഞില്ലെങ്കില്‍ ജില്ലയിലെ കുടിവെള്ളക്ഷാമം അതീവ രൂക്ഷമാവും. നിലവില്‍ ജില്ലയുടെ പകുതിയിലേറെ പ്രദേശത്തും ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുകയാണ്. അണക്കെട്ടുകളിലെ സ്ഥിതി അതീവ ഗുരുതരമാണ്. കുടിവെള്ളത്തിനായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ഏറെ താഴെയാണ്. ജൂണില്‍ തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ഒന്നാംവിള നെല്‍കൃഷി. വേനല്‍ മഴയില്‍ ഭൂരിഭാഗം കര്‍ഷകരും പൊടിവിത നടത്തിയിട്ടുണ്ട്. അവ മുളച്ചുവരുന്ന സമയത്ത് മഴകിട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. ഞാറു പാകിയ കര്‍ഷകര്‍ക്കു മഴപെയ്ത് പാടത്ത് വെള്ളം നിറഞ്ഞാല്‍ മാത്രമേ പറിച്ചുനടാനാവൂ.കഴിഞ്ഞവര്‍ഷം തുലാവര്‍ഷവും ഇടവപ്പാതിയും സംസ്ഥാനത്ത് കാര്യമായി പെയ്തിരുന്നില്ല.  ഇത് കൃഷി ഉള്‍പ്പെടെ ഉണങ്ങി നശിക്കുന്നതിനു കാരണമായി. എന്നാല്‍ ഇത്തവണ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കര്‍ഷകരും കാലാവസ്ഥാ നിരീക്ഷകരും.
Next Story

RELATED STORIES

Share it