Flash News

സംസ്ഥാനത്ത് പനിമരണം റെക്കോഡിലേക്ക് ; പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം



തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ ആശങ്കകള്‍ സൃഷ്ടിച്ച് സംസ്ഥാനത്ത് പനിമരണം റെക്കോഡിലേക്ക്. ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് 165 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഈ മാസം മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. പത്തു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഈ വര്‍ഷമാണ്. പനിമൂലം 2013ലും 2015ലുമാണ് കൂടുതല്‍ മരണം ഉണ്ടായത്. 2015ല്‍ 114 പേരും 2013ല്‍ 86 പേരും മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനി, എച്ച്1 എന്‍1 ബാധിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചത്. എലിപ്പനിയും വൈറല്‍ പനിയും മരണസംഖ്യ വര്‍ധിപ്പിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് 24 പേരും എലിപ്പനി ബാധിച്ച് നാലുപേരും എച്ച്1 എന്‍1 ബാധിച്ച് പത്തു പേരും പനി ബാധിച്ച് 11 പേരും മരിച്ചു. ഈ വര്‍ഷം 52 പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. 31 പേര്‍ എലിപ്പനി ബാധിച്ചും 57 പേര്‍ എച്ച്1 എന്‍1 ബാധിച്ചും 24 പേര്‍ പനി ബാധിച്ചും ഒരാള്‍ ചെള്ളുപനി ബാധിച്ചും മരിച്ചതായാണ് കണക്കുകള്‍. പകര്‍ച്ചവ്യാധി പിടിപെട്ട് മരിക്കുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്. വര്‍ഷകാലത്ത് പനി പടര്‍ന്നുപിടിക്കാറുണ്ടെങ്കിലും ഇത്രയേറെ മരണം സംഭവിക്കുന്നത് ആദ്യമാണ്. പനി ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണം ദിവസവും ആയിരം വീതം വര്‍ധിക്കുന്ന സാഹചര്യമാണ്. ഡെങ്കിപ്പനി ബാധിച്ച് ദിവസവും 700ഓളം പേര്‍ ചികില്‍സ തേടുന്നുണ്ട്. ഇതില്‍ 150ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതായും ആരോഗ്യ വകുപ്പിന്റെ ദിനേന തയ്യാറാക്കുന്ന ചാര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പനിബാധിതര്‍ ഉള്ളത് .
Next Story

RELATED STORIES

Share it