Flash News

സംസ്ഥാനത്ത് പനിക്ക് ശമനമായില്ല ; ഇന്നലെ രണ്ടു മരണം



തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് സ്വദേശി സതീശ് (50), തിരുവനന്തപുരം തിരുമല സ്വദേശി സുധ (55) എന്നിവരാണ് മരിച്ചത്. സതീശ് എലിപ്പനി ബാധിച്ചാണ് മരിച്ചത്. ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 21,070 പേര്‍ പനി ബാധിച്ചു ചികില്‍സ തേടി. ഇതില്‍ 770 പേരെ വിദഗ്ധ ചികില്‍സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ചു ചികില്‍സ തേടിയ 1,103 പേരില്‍ 170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ ചികില്‍സ തേടിയിട്ടുള്ളത്. ജില്ലയില്‍ 3,730 പേരാണ് ഇന്നലെ മാത്രം ചികില്‍സ തേടിയത്. ഇതില്‍ 169 പേരെ വിദഗ്ധ ചികില്‍സയ്ക്കായി അഡ്മിറ്റ് ചെയ്തു. ജില്ലയില്‍ 464 പേര്‍ക്ക് ഡെങ്കിപ്പനി സംശയിച്ചതില്‍ 86 പേര്‍ക്ക് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 15 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമാവുകയാണ്. കൊല്ലം- അഞ്ച്, പത്തനംതിട്ട- 14, ഇടുക്കി- അഞ്ച്, കോട്ടയം- ഏഴ്, ആലപ്പുഴ- ഏഴ്, തൃശൂര്‍- അഞ്ച്, കോഴിക്കോട്- 31, വയനാട്- ആറ്, കാസര്‍കോട്- മൂന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മിക്ക ജില്ലകളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 31 പേര്‍ക്ക് എലിപ്പനി സംശയിച്ചതില്‍ 15 പേര്‍ക്കു സ്ഥിരീകരിച്ചു. ചില സ്ഥലങ്ങളില്‍ മലേറിയയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 27 പേര്‍ പനി ബാധിച്ചു മരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 42 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതായും സംശയിക്കുന്നു. ഇതില്‍ 31 പേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. 153 പേര്‍ക്ക് ഡെങ്കിപ്പനിയും ഒമ്പതു പേര്‍ക്ക് എച്ച്1 എന്‍1ഉം ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it