സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഡെങ്കിപ്പനിയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ എലിപ്പനിയും പടരുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്നാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത്.
എലിപ്പനി ബാധിച്ച് രണ്ടുപേരും ഡെങ്കിപ്പനി ബാധിച്ച് ഒരാളും ഉള്‍പ്പെടെ ആറുപേര്‍ പനിബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. ബുധനാഴ്ച വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 1,23,299 പേരാണ് ഈ മാസം മാത്രം പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇതില്‍ പകുതിയിലധികവും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചികില്‍സ തേടിയവരാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടിയവര്‍ ഇതിന്റെ ഇരട്ടിയോളം വരും. ഇതിനുപുറമെ 446 പേര്‍ക്ക് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. 1177 പേര്‍ ഡെങ്കിപ്പനി നിരീക്ഷണത്തിലാണ്.
പുനലൂര്‍, വിളക്കുടി, മൈലം, ഏരൂര്‍, പത്തനാപുരം, തെന്മല എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കടമ്മനിട്ട, കാങ്ങോട്ടുകര, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, വെള്ളിയാമറ്റം, കുമാരമംഗലം, എറണാകുളം ജില്ലയിലെ കോതമംഗലം, നേര്യമംഗലം, കാലടി, കുട്ടമ്പുഴ, പോത്താനിക്കാട്, മരട് എന്നിവിടങ്ങളിലുമാണ് ഡെങ്കിപ്പനി പടര്‍ന്നത്. മലപ്പുറം ജില്ലയിലെ താനൂര്‍, കൊണ്ടോട്ടി, മലപ്പുറം എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലും കഴിഞ്ഞ ദിവസങ്ങളിലായി ഒന്നിലധികം പേര്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടിലെ അപ്പപ്പാറ, പൂത്താടി, മുള്ളംകൊല്ലി, കണ്ണൂരിലെ വള്ളിത്തോട്, കാസര്‍കോട് ബദിയടുക്ക, മാത്തൂര്‍, കൊടംബലൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടും ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തു.
പത്തനംതിട്ടയിലെ മലയാലപ്പുഴ, കാക്കത്തോട്, സീതത്തോട്, ചേന്നേര്‍ക്കര, ഇലന്തൂര്‍, ആലപ്പുഴയിലെ കുപ്പപ്പുറം, പള്ളിപ്പടി, തിരുവനന്തപുരത്തെ വള്ളക്കടവ്, ബാലരാമപുരം, മലയിന്‍കീഴ്, കാരക്കുളം, ആര്യനാട്, കോഞ്ചിറവിള, എറണാകുളത്തെ വടുതല, മട്ടാഞ്ചേരി, വടവുകോട്, വയനാട്ടിലെ പനമരം എന്നിവിടങ്ങളില്‍ എലിപ്പനി പടരുന്നതായും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് 22 പേരും എലിപ്പനിമൂലം 43 പേരുമുള്‍പ്പെടെ 161 പേരാണ് സംസ്ഥാനത്തു പനിബാധിച്ചു മരിച്ചത്.
Next Story

RELATED STORIES

Share it