സംസ്ഥാനത്ത് നിയമവാഴ്ചയില്ല; സര്‍ക്കാരിനെതിരേ ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. ഓഖി ചുഴലിക്കാറ്റില്‍ സര്‍ക്കാരിനു യാതൊരു ഉത്തരവാദിത്തവുമില്ലെന്നു പറഞ്ഞ ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് കുറച്ചുകൂടി കടുപ്പിച്ച് സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നും ആരോപിച്ചു. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആവുമായിരുന്നോയെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചു അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താല്‍പര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയെക്കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാര്‍ കേരളത്തില്‍ ഒറ്റക്കെട്ടാണ്. അഴിമതിക്കെതിരേ സംവാദത്തിനുപോലും കേരളത്തില്‍ ഭയമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കി ല്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ജേക്കബ് തോമസിനെതിരേ അനുമതിയില്ലാതെ സര്‍വീസ് സ്‌റ്റോറി ആത്മകഥയാക്കിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയശേഷം ആദ്യമായിട്ടാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it