Flash News

സംസ്ഥാനത്ത് നാലു മരണം: പനിബാധിതരുടെ എണ്ണത്തില്‍ കുറവില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ ഇന്നലെ നാലു പേര്‍ പനിബാധിച്ചു മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ പാറപ്പുറം വയ്യാട്ടുകുണ്ടില്‍ ത്വാഹിര്‍ മൗലവിയുടെ മകന്‍ മുഹമ്മദ് റസീന്‍, തൃശൂര്‍ ചേലക്കര തൊടുക്കാട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ അമ്പിളി, ഇടുക്കി തട്ടക്കുഴ സ്വദേശി അഭിലാഷ് (25), തിരുവനന്തപുരം ചെമ്മരുത്തി സ്വദേശി ജാന്‍ (40) എന്നിവരാണ് മരിച്ചത്. അഭിലാഷ് എലിപ്പനി ബാധിച്ചും ജാന്‍, അമ്പിളി എന്നിവര്‍ ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത്. ഇന്നലെ മാത്രം 23,190 പേര്‍ വിവിധ ആശുപത്രികളിലായി പനിക്ക് ചികില്‍സ തേടി. 764 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി വിവിധ ആശുപത്രികളിലായി ചികില്‍സ തേടിയെത്തി. ഇവരില്‍ 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണവുമായി ചികില്‍സ തേടിയ 21 പേരില്‍ 11 പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേര്‍ക്ക് എച്ച്1 എന്‍1 കണ്ടെത്തി. എച്ച്1എന്‍1 ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് കൊല്ലത്താണ്. ചികില്‍സ തേടിയെത്തിയവരില്‍ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, കോട്ടയം, മലപ്പുറം, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലും എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്തു. പനിബാധിതരുടെ എണ്ണത്തില്‍ തലസ്ഥാനത്ത് കുറവില്ല. ഇന്നലെ മാത്രം തിരുവനന്തപുരത്ത് ചികില്‍സ തേടിയത് 3284 പേരാണ്. കൊല്ലത്ത് 2077 പേരും ചികില്‍സ തേടി. പത്തനംതിട്ട 811, ഇടുക്കി 609, കോട്ടയം 1269, ആലപ്പുഴ 1035, എറണാകുളം 1483, തൃശൂര്‍ 1960, പാലക്കാട് 2499, മലപ്പുറം 3151, കോഴിക്കോട് 2042, വയനാട് 828, കണ്ണൂര്‍ 1417, കാസര്‍കോട് 725 എന്നിങ്ങനെയാണ് പനിക്ക് ചികില്‍സ തേടിയവരുടെ കണക്ക്്. ഡെങ്കിപ്പനിയും എലിപ്പനി യും ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, പോലിസ് സ്റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ പോലിസ് ഓഫിസുകളിലും പരിസരങ്ങളിലും കൊതുക് വളരുന്നതിനുള്ള സാഹചര്യമില്ലെന്ന് അതത് ഓഫിസ് ചുമതലയുള്ളവര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. സ്റ്റേഷനുകളിലും പരിസരങ്ങളിലും ഇട്ടിരിക്കുന്ന വാഹനങ്ങള്‍, മറ്റു സാധനങ്ങള്‍ എന്നിവയില്‍ വെള്ളം ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം കൊതുക് നിവാരണ പരിപാടിയിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it