Kozhikode

സംസ്ഥാനത്ത് നടക്കുന്നത് പണപ്പിരിവും ഭീഷണിയും: രമേശ് ചെന്നിത്തല

വടകര: സംസ്ഥാനത്ത് പ്രളയ ദുരന്തത്തിന്റെ പേരില്‍ പണപ്പിരിവും ഭീഷണിയും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയദുരിതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനുള്ള പിടിച്ചു പറിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ദുരിതത്തി ല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നേരെ ധിക്കാരപരമായ സമീപനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വടകര പാര്‍ലിമെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യമുണ്ടാവില്ലെന്നും രാജ്യത്ത് ജനാധിപത്യ രീതിയിലുള്ള അവസാനത്തെ തിരഞ്ഞെടുപ്പായി മാറുമെന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മോദി അധികാരത്തില്‍ കയറിയപ്പോള്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ കള്ളനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജോയ് എബ്രഹാം എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, എംഎ റസാഖ് മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, എന്‍ സുബ്രഹ്മണ്യന്‍, വിഎ നാരായണന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ നാരായണന്‍ മാസ്റ്റര്‍, മുഹമ്മദ് ചോലക്കര, ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ്, അഹമ്മദ് പുന്നക്കല്‍, അഡ്വ. ഐ മൂസ, മുഹമ്മദ് ഇഖ്ബാല്‍, സികെ സുബൈര്‍, കെസി അബു, വിവി മുഹമ്മദ്, കോട്ടയില്‍ രാധാകൃഷ്ണന്‍, കൂടാളി അശോകന്‍, അഡ്വ. പി കുല്‍സു സംസാരിച്ചു.

Next Story

RELATED STORIES

Share it