സംസ്ഥാനത്ത് ചൂട് അസാധാരണമായി ഉയര്‍ന്നു

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് അസാധാരണമായി ഉയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുംദിവസങ്ങളിലും ഉയര്‍ന്ന താപനിരക്ക് തുടരും. താപം ശരാശരിയില്‍ നിന്നു നാലു മുതല്‍ 10 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്. അതേസമയം, മാര്‍ച്ച് ഒന്നിന് ആരംഭിച്ച വേനല്‍ക്കാലം മെയ് 31 വരെ നീളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനിരക്ക് സാധാരണയില്‍ നിന്ന് 0.5 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. എന്നാല്‍ ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ.
അപകടസാധ്യത മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയില്‍ നിന്ന് രക്ഷ നേടാന്‍ രാവിലെ 11 മുതല്‍ മൂന്നു വരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു.
പകല്‍  ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. പുനക്രമീകരിച്ച തൊഴില്‍സമയത്തിന് ഏപ്രില്‍ 30 വരെ നിയമസാധുതയുണ്ട്.
Next Story

RELATED STORIES

Share it