Flash News

സംസ്ഥാനത്ത് കുടുംബശ്രീയുമായി സഹകരിച്ച് 1000 മൊബൈല്‍ ഗ്രാമച്ചന്തകള്‍



പത്തനംതിട്ട: കുടുംബശ്രീയുമായി സഹകരിച്ച് സംസ്ഥാനത്ത് 1000 ഗ്രാമച്ചന്തകള്‍ ആരംഭിക്കുമെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (വിഎഫ്പിസികെ) 16ാമത് വാര്‍ഷിക പൊതുയോഗം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ഗ്രാമച്ചന്തകളായിരിക്കും ആരംഭിക്കുക. ഒരു ഗ്രാമത്തില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ കാര്‍ഷികോല്‍പന്നങ്ങളും കോഴിമുട്ട, തൈര്, മോര്, പാല്‍ എന്നിവയും വിപണിവില നല്‍കി സംഭരിക്കുകയും ഗ്രാമച്ചന്തകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇതിനു പുറമേ കൃഷിവകുപ്പ് 200 പുതിയ ഇക്കോ ഷോപ്പുകള്‍ തുടങ്ങും. കപ്പ ഉള്‍പ്പെടെയുള്ളവ അധികമായി ഉല്‍പാദിപ്പിക്കുന്നത് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ കുടുംബശ്രീ മുഖേന 1000 യൂനിറ്റുകള്‍ ആരംഭിക്കും. അടുത്ത സീസണ്‍ മുതല്‍ വിഎഫ്പിസികെ മുഖേന ചക്ക സംഭരിക്കുകയും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. അട്ടപ്പാടിയില്‍ ഗ്രാമീണ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പപ്പായ ഉള്‍പ്പെടെ ഫലവര്‍ഗങ്ങളും ധാന്യങ്ങളും തദ്ദേശീയ, ദേശാന്തര വിപണികളി ല്‍ എത്തിക്കും. ഹോര്‍ട്ടി കോര്‍പ് കൊട്ടാരക്കരയില്‍ നിന്ന് തളിര്‍ ബ്രാന്‍ഡില്‍ പച്ചക്കറികള്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it