സംസ്ഥാനത്ത് കാലവര്‍ഷം നേരത്തേ എത്തും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മെയ് 29ന് എത്തുമെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ ആദ്യവാരമായിരുന്നു കാലവര്‍ഷമെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുദിവസം മുമ്പാണ് ഇക്കുറി കാലവര്‍ഷം എത്തുക. ജൂണിനും സപ്തംബറിനും ഇടയില്‍ 97 ശതമാനം മുതല്‍ 104 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 45 ദിവസം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനും 2016ല്‍ ജൂണ്‍ 7നുമാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
അതേസമയം, കേരളത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന വേനല്‍മഴ അടുത്ത രണ്ടുദിവസംകൂടി ശക്തമായി തുടരും. 20ന് രാവിലെവരെ സംസ്ഥാനത്തും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ തെക്കന്‍കേരളത്തില്‍ പരക്കെ കനത്ത മഴ പെയ്തു. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ജില്ലയില്‍ 12 സെ മീ മഴ രേഖപ്പെടുത്തി.  22ന് രാവിലെവരെ വേനല്‍മഴ നീണ്ടുനില്‍ക്കും. അതേസമയം, സാഗര്‍ ചുഴലിക്കാറ്റ് ഏദന്‍ ഗള്‍ഫ് പ്രദേശത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കേരളത്തിനും ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും ലക്ഷദ്വീപിനുമാണു ജാഗ്രതാ നിര്‍ദേശം.
ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ദില്ലി, ചണ്ഡീഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യന്‍ തീരങ്ങളെ ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്.
മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.
Next Story

RELATED STORIES

Share it