palakkad local

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി ഇത്തവണയും മോയന്‍ സ്‌കൂളിന്

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി ഇത്തവണയും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു തന്നെ ലഭിച്ചു. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലില്‍ ഈ സര്‍ക്കാര്‍ വിദ്യാഗേഹം വീണ്ടും തലയെടുപ്പോടെ പാലക്കാടിന്റെ അഭിമാനമായിരിക്കുകയാണ്.
താരേക്കാട് സ്ഥിതി ചെയ്യുന്ന മോയന്‍സില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2528ഉം യുപി വിഭാഗത്തില്‍ 1158 വിദ്യാര്‍ഥിനികളുമാണ് ഈ അധ്യയനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സെക്കന്‍ഡറി സ്‌കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്‌കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൊയ്തിരിക്കുന്നത്. കോട്ടണ്‍ ഹില്‍ സ്‌കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്.
മോയന്‍സില്‍ എക്കാലത്തും വിദ്യാര്‍ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനയം നടത്തുന്നത്. ആഴ്ചയില്‍ 6 ദിവസവും പ്രവൃത്തിദിനങ്ങളായുള്ള മോയന്‍സില്‍ ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ആറു പീരിയഡുകളുള്ള ഷിഫ്റ്റില്‍ ഒരു ഇന്റര്‍വെല്ലുമുണ്ടാവും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍, കംപ്യൂട്ടര്‍ സയന്‍സില്‍ ഒരു ബാച്ചും മറ്റുള്ള വിഷയങ്ങൡ രണ്ട് ബാച്ചുകള്‍ വീതവുമാണുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്ന്, രണ്ട് വര്‍ഷ ബാച്ചുകളില്‍ 420 കുട്ടികള്‍ വീതമാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓരോ ക്ലാസിനും 18 ബാച്ചുകളാണുള്ളത്. 1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്‌കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്.
എസ്എസ്എല്‍സിക്ക് ഇത്തവണയും ഇതേ സ്‌കൂളില്‍ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുപോലും ഇവിടെ ഹയര്‍ സെക്കന്‍ഡറി യിലേക്കുള്ള പ്രവേശനം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.
കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന്‍ നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിന്റെ പേരാണ്.
ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ട്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുളള ശ്രമം നടത്തണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it