Business

സംസ്ഥാനത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ആശാവഹമായ കുറവ്

തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്‌സ് ദിനം. സംസ്ഥാനത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ആശാവഹമായ കുറവു രേഖപ്പെടുത്തിയതായി കണക്കുകള്‍. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകളാണ് എയ്ഡ്‌സ് രോഗികള്‍ കുറയുന്നുവെന്ന പ്രത്യാശ നല്‍കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പുതുതായി എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്‌ഐവി അണു ബാധിതരുടെ എണ്ണം 1076 ആണ്. കഴിഞ്ഞവര്‍ഷം ഇത് 1750 ആയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് തലസ്ഥാന ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 2002 മുതല്‍ 2015 ഒക്ടോബര്‍ വരെ തിരുവനന്തപുരം ജില്ലയില്‍ 5,51,546 പേര്‍ എച്ച്‌ഐവി പരി ശോധനയ്ക്കു വിധേയമായപ്പോള്‍ 5357 പേരിലാണ് എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചത്. ഈ കാലയളവില്‍ വയനാട് ജില്ലയില്‍ 95,151 പേര്‍ പരിശോധന നടത്തിയപ്പോള്‍ 247 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ 4602ഉം കോഴിക്കോട് ജില്ലയില്‍ 4180ഉം ആളുകള്‍ എയ്ഡ്‌സ് ബാധിതരായുണ്ട്. ഇടുക്കിയില്‍ 405ഉം മലപ്പുറത്ത് 546ഉം പത്തനംതിട്ടയില്‍ 638 പേരും എയ്ഡ്‌സ് ബാധിതരാണ്. സംസ്ഥാനത്ത് എച്ച്‌ഐവി അണുബാധിതരുടെ ആകെ എണ്ണം 27,604 ആണ്. ഇതില്‍ 19,633 പേര്‍ എയ്ഡ്‌സ് കണ്‍ട്രോ ള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,735 പേ ര്‍ക്ക് ആര്‍ട്ട് (ആന്റി റെട്രോ വൈറല്‍ തെറാപ്പി) ചികില്‍സയും ആരംഭിച്ചിട്ടുണ്ട്. 2005ല്‍ സംസ്ഥാനത്ത് 2627 പേര്‍ എച്ച്‌ഐവി ബാധിതരായിരുന്നു. 2006ലും 2007ലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 3348 ഉം 3972 ആയിരുന്നു എച്ച്‌ഐവി ബാധിതരുടെ എണ്ണം. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായി പിന്നീടുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ കുറവാണ് അണുബാധിതരുടെ എണ്ണത്തില്‍ പിന്നീടു കണ്ടത്. ക്രമമായ കുറവു രേഖപ്പെടുത്തിയപ്പോള്‍ 2013ല്‍ 1136 പുരുഷന്‍മാരും 604 സ്ത്രീകളും ഉ ള്‍പ്പെടെ എച്ച്‌ഐവി ബാധിതരുടെ എണ്ണം 1740ലേക്കാണ് എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 10 പേരുടെ വ്യത്യാസം മാത്രമാണ് ഉണ്ടായതെങ്കിലും വര്‍ധന രേഖപ്പെടുത്തിയില്ലെന്നതു നേട്ടമാണ്.  എച്ച്‌ഐവി അണുബാധമൂലം സംസ്ഥാനത്ത് ഇതിനകം 4256 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സൊസൈറ്റിയുടെ കണക്കുകള്‍ പറയുന്നു. ദേശീയ എയ്ഡ്‌സ് ക ണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 20.88 ലക്ഷം പേരാണ് എച്ച്‌ഐവി അണു ബാധിതരായിട്ടുള്ളത്. ഇതില്‍ 83 ശതമാനം പേരും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളും ഏഴു ശതമാനം കുട്ടികളുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കുമെന്ന് എയ്ഡ്‌സ് ക ണ്‍ട്രോള്‍ സൊസൈറ്റി അഡീഷനല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എ സമീറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് വിജെടി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it