Flash News

സംസ്ഥാനത്ത് ഇ- ഉദ്ഘാടനം വ്യാപിപ്പിക്കുന്നു



കണ്ണൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന സ്വഭാവമുള്ള ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യേണ്ടിവരുമ്പോള്‍ ഇ-ഇനാഗുറേഷന്‍ നടപ്പാക്കും. തലശ്ശേരിയില്‍ തീരദേശ പോലിസ് സ്റ്റേഷന്‍ ഉദ്ഘാടന വേളയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ച സംവിധാനം വിജയമാണെന്നു കണ്ടെത്തിയതോടെയാണ് ഇതേക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചത്. തലശ്ശേരി തീരദേശ പോലിസ് സ്റ്റേഷന്‍ ഉദ്ഘാടന വേളയില്‍ തന്നെ കാസര്‍കോട്ടെ കുമ്പള, തൃക്കരിപ്പൂര്‍, തൃശൂരിലെ മണക്കടവ്, ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ സ്റ്റേഷനുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഓരോ ഇടങ്ങളിലും ചെന്ന് ഉദ്ഘാടനം നടത്തുമ്പോഴുണ്ടാവുന്ന വന്‍ ചെലവും സമയനഷ്ടവും ലാഭിക്കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചം. ഒരേസമയം അഞ്ചു തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യാനുള്ള സംവിധാനം ഒരുക്കാമോയെന്ന്് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസ് ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ മുന്‍ എസ്പിയായിരുന്ന എഐജി ഹരിശങ്കറിനെ നോഡല്‍ ഓഫിസറായി നിയമിച്ചു. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തനമാണു തലശ്ശേരി കേന്ദ്രീകരിച്ച് അഞ്ച് സ്റ്റേഷനുകളുടെ ഉദ്ഘാടനച്ചടങ്ങ് വിജയകരമായി പൂര്‍ത്തീകരിച്ചത്. എല്ലായിടത്തും ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഒരേസമയം ആരംഭിക്കുകയും ഉദ്ഘാടനവും പ്രസംഗവും ആവുമ്പോള്‍ ഇതിന്റെ വീഡിയോ അതാതിടങ്ങളില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനുകളില്‍ തെളിയുന്ന സംവിധാനമാണ് വിജയകരമായി നടപ്പാക്കിയത്. അടുത്തുതന്നെ ഉദ്ഘാടനത്തിനൊരുങ്ങുന്ന ന്യൂമാഹി, തമ്പാനൂര്‍, കൊച്ചി സൈബര്‍ പോലിസ് സ്‌റ്റേഷനുകളുടെയും ഉദ്ഘാടനം സമാന രീതിയില്‍ നിര്‍വഹിക്കാനാണ് ആലോചനയെന്ന് എഐജി ഹരിശങ്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it