സംസ്ഥാനത്ത് ഇറച്ചിക്കോഴി വിലയും കുതിക്കുന്നു

കൊച്ചി: പച്ചക്കറി വിലയ്ക്കു പുറമെ സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയും കുതിക്കുന്നു. വിലക്കയറ്റത്തിനു പിന്നില്‍ ഇതര സംസ്ഥാനങ്ങളിലെ കോഴിഫാമുകളുടെ ഇടപെടലാണെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കിടെ 50ഓളം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
എറണാകുളം മാര്‍ക്കറ്റിലെ മൊത്ത വില്‍പന കേന്ദ്രത്തില്‍ ഇന്നലെ ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് 130 രൂപയായിരുന്നു. ചില്ലറ വില്‍പനയില്‍ വില 140 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച ഇത് 100 രൂപയില്‍ താഴെയായിരുന്നു. കേരളത്തില്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഇറച്ചിക്കോഴിയുടെ വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
പൊടുന്നനെ വിലയിലുണ്ടായ വര്‍ധനയ്ക്കു പിന്നില്‍ ഇതര സംസ്ഥാനങ്ങളിലെ കോഴിഫാമുകളുടെ ഇടപെടലാണെന്നാണ് പറയപ്പെടുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുന്നതാണ് ഇതര സംസ്ഥാന ഫാമുകളുടെ തന്ത്രം. തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാന ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി ഇറച്ചിക്കോഴി എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഈ സമയത്ത് ഇതര സംസ്ഥാന ഫാമുകള്‍ക്ക് നേരിടേണ്ടി വന്നത്. ഈ നഷ്ടം നികത്താനാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴിവില ഉയര്‍ത്താന്‍ വന്‍കിട ഫാമുകള്‍ ശ്രമിക്കുന്നത്. പ്രതിദിനം 1,450 ടണ്‍ ഇറച്ചി ക്കോഴി ഇതര സംസ്ഥാന ഫാമുകളില്‍ നിന്നു കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഒരു മാസം ഇത് 43,500 ടണ്‍ ഇറച്ചിയോളം വരും. ഇതര സംസ്ഥാനങ്ങളിലെ കോഴി ഫാമുകളില്‍ ഒരു കിലോ ഇറച്ചിക്കോഴി ഉല്‍പാദിപ്പിക്കാന്‍ 50 മുതല്‍ 70 രൂപ വരെ മതിയെന്നാണ് കണക്ക്. ഇതാണ് കേരളത്തിലെത്തുമ്പോള്‍ ഇരട്ടിയിലധികം വിലയായി ഉയരുന്നത്.
Next Story

RELATED STORIES

Share it