ഇരുചക്രവാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു; 5വര്‍ഷത്തിനിടെ പൊലിഞ്ഞത് 6,723 ജീവനുകള്‍

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന അപകടമരണങ്ങള്‍ വര്‍ധിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ നിരത്തുകളില്‍ പൊലിഞ്ഞത് 6723 ജീവനുകള്‍. 11,329 പേര്‍ക്കാണ് ഇക്കാലയളവില്‍ വിവിധയിടങ്ങളില്‍ സംഭവിച്ച അപകടങ്ങളില്‍ പരിക്കേറ്റത്. സംസ്ഥാനത്ത് പ്രതിവര്‍ഷം റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയോളം ഇരുചക്രവാഹനം ഓടിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ കഴിഞ്ഞവര്‍ഷം മാത്രം മരണപ്പെട്ടത് 1330 പേരാണ്. 14,858 പേര്‍ക്കാണ് 2015ല്‍ പരിക്കേറ്റതെന്നും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു വ്യക്തമാക്കുന്നു.
80 ശതമാനം മരണവും തലച്ചോറിനേല്‍ക്കുന്ന ക്ഷതം മൂലമാണ്. എന്നാല്‍, ഹെല്‍മറ്റ് ധരിച്ചവരില്‍ മരണസംഖ്യ തീരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ കാലാകാലങ്ങളില്‍ ഉണ്ടാവാറുണ്ടെങ്കിലും ഡ്രൈവര്‍മാരില്‍ പലരും ഇതു പാലിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് മരണനിരക്കു വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. 2011ല്‍ 1097 മരണങ്ങളും 11,329 പേര്‍ക്കു പരിക്കുമാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ ഓരോ വര്‍ഷവും ഇതിന്റെ എണ്ണം കൂടിവരുകയാണ്. 2012 ല്‍ 1668 മരണവും 15,841 പരിക്കുകളുമായി വര്‍ധിച്ചു. തൊട്ടടുത്ത വര്‍ഷം മരണനിരക്കിലും പരിക്കേറ്റവരുടെ എണ്ണത്തിലും നേരിയ കുറവുവന്നെങ്കിലും (1289- 12,283) 2014ല്‍ ഇത് വീണ്ടും ഉയര്‍ന്നു. 1343 പേര്‍ക്കാണ് 2014ല്‍ ജീവന്‍ നഷ്ടമായത്. 13,713 പേര്‍ക്കു പരിക്കേറ്റു.
മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കാലത്ത് വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍, ഹെല്‍മറ്റ് ധരിക്കാത്തവരെ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പല യാത്രികരും അപകടത്തില്‍പ്പെട്ട സാഹചര്യത്തി ല്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പോലിസുകാര്‍ക്ക് ഡിജിപി താക്കീതു നല്‍കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം. ഗട്ടറിലും കുഴികളിലും വീണുണ്ടാവുന്ന അപകടങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഡ്രൈവര്‍മാരുടെ പിശകുമൂലമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത്. അഞ്ചുവര്‍ഷത്തിനിടെ 19,041 പേര്‍ക്കാണ് ഇക്കാരണത്താല്‍ ജീവഹാനിയുണ്ടായത്. 2,05,010 പേര്‍ക്കാണു പരിക്കേറ്റത്. അപകട മരണങ്ങളില്‍ ഏറെയും ദേശീയപാതയിലാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 6891 പേരാണ് ദേശീയപാതയിലുണ്ടായ അപകടങ്ങളില്‍ മരിച്ചുവീണത്.
കഴിഞ്ഞവര്‍ഷം മാത്രം ദേശീയപാതയിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 1368 ജീവനുകളാണ്. സംസ്ഥാന പാതയില്‍ 841 പേരും മറ്റു റോഡുകളില്‍ 1987 പേരും മരണപ്പെട്ടു. 2014ല്‍ ദേശീയപാതയില്‍ 1261, സംസ്ഥാന പാതയില്‍ 774, മറ്റു റോഡുകളില്‍ 2014 എന്നിങ്ങനെയാണ് റിപോര്‍ട്ട് ചെയ്ത മരണനിരക്ക്. 2013ല്‍ 1336 പേരുടെ ജീവന്‍ ദേശീയപാതയിലും 885 പേരുടേത് സംസ്ഥാന പാതയിലും 2037 പേരുടേത് മറ്റു റോഡുകളിലും ഇല്ലാതായി. 2012, 2011 വര്‍ഷങ്ങളില്‍ യഥാക്രമം 1444-919-1923, 1482-836-1877 എന്നിങ്ങനെയാണു മരണപ്പെട്ടവരുടെ എണ്ണം. 2011-2015 കാലയളവില്‍ 4255 പേര്‍ സംസ്ഥാന പാതയിലും 9838 പേര്‍ മറ്റു പാതകളിലുണ്ടായ അപകടത്തിലും മരണപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it