Flash News

സംസ്ഥാനത്ത് അരിവില കുതിക്കുന്നു സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ജീവം



കെ എം  അക് ബര്‍

ചാവക്കാട്: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്ര അരിക്കു പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരി—ക്കും ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചു മുതല്‍ 10 രൂപവരെയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ലെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് അരി വില കുതിച്ചുയരുന്നത്. ബംഗാളില്‍ നിന്ന് അരിയിറക്കി ഒരു പരിധിവരെ സര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോയ നിലയിലാണ്. ജയ അരിക്ക് കിലോഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. വിലയിപ്പോള്‍ 45 രൂപയാണ്. മട്ടയ്ക്ക് 55 രൂപയായി. പൊന്നി, കുറുവ, ബോധന തുടങ്ങിയ ഇനങ്ങളും വിലക്കയറ്റത്തിന്റെ പട്ടികയില്‍ത്തന്നെയാണ്. സുലേഖ അരിയുടെ വില 41ല്‍ നിന്ന് 43 ആയി. പാലക്കാട്ടും കുട്ടനാട്ടിലും വിളയുന്ന മട്ടയരിക്കും നാലുരൂപ മുതല്‍ ആറുവരെ കൂടി. ബ്രാന്റഡ് മട്ടയരിക്ക് 55 രൂപ കൊടുക്കണം. പച്ചരിയുടെ കാര്യവും വ്യത്യസ്തമല്ല. നോമ്പുകാലമാണെന്നിരിക്കെ, പച്ചരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിന് 26 രൂപ മുതലാണ് കിലോയ്ക്ക് വില. പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും ആന്ധ്രയെയാണ് കേരളം അരിക്ക് ആശ്രയിക്കുന്നത്. വരള്‍ച്ച ആന്ധ്രയിലെ കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. അരി മൊത്തവിതരണക്കാരില്‍ നിന്നു തന്നെ വന്‍വിലയ്ക്കാണ് ലഭിക്കുന്നതെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഡിമാന്‍ഡ് ഉയരുമെന്നു പ്രതീക്ഷിച്ച് കര്‍ഷകര്‍ നെല്ല് പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണു മറ്റൊരു പ്രചാരണം. ഓണവിപണി ലക്ഷ്യമിട്ട് അരിക്ക് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. ആവശ്യത്തിന് നെല്ല് കിട്ടുന്നില്ലെന്നു കേരളത്തിലെ മില്ലുടമകളും പരാതിപ്പെടുന്നു. നെല്ലിനായി കര്‍ണാടകയെ ആശ്രയിക്കേണ്ടിവരുന്നതുകൊണ്ടാണു വില കൂടുന്നതെന്നും ഇവര്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായി തുടരുമ്പോള്‍ വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്.
Next Story

RELATED STORIES

Share it