Flash News

സംസ്ഥാനത്ത് അപ്രഖ്യാപിത മാട്ടിറച്ചി നിരോധനം : ഇറച്ചിവില കുതിച്ചുയരുന്നു

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത ബീഫ് നിരോധനത്തില്‍ സംസ്ഥാനത്തെ മാട്ടിറച്ചി കച്ചവടം തകര്‍ന്നുതുടങ്ങി. ഇതര സംസ്ഥാനത്തുനിന്നുള്ള കന്നുകാലി വരവ് ഗണ്യമായി കുറഞ്ഞതോടെ മാട്ടിറച്ചി ക്ഷാമം രൂക്ഷമായി. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും ദുരിതത്തിലായിരിക്കുകയാണ്. 200 രൂപയുണ്ടായിരുന്ന ഇറച്ചിവില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം കൂടിയത് 60 രൂപയാണ്. മാട്ടിറച്ചിക്ഷാമം രൂക്ഷമായ ഉള്‍പ്രദേശങ്ങളില്‍ വില 300 കടന്നതായും വിവരമുണ്ട്. വാളയാര്‍ വഴി കേരളത്തിലേക്കു കഴിഞ്ഞയാഴ്ച എത്തിയത് വിരലിലെണ്ണാവുന്ന മാടുകളാണ്.  കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലേക്കാണ് മാട് വരവ് നിലച്ചത്. മധ്യകേരളത്തിലെ പല പ്രദേശങ്ങളിലും നേരത്തെയെത്തിച്ച മാടുകളെയാണു കശാപ്പിന് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയുടെ സ്റ്റോക്ക് തീര്‍ന്നുകഴിഞ്ഞാല്‍ പൂര്‍ണമായും ഇറച്ചിക്ഷാമത്തിലേക്കു സംസ്ഥാനം വഴുതിവിഴുമെന്നു കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കര്‍ണാടകയില്‍ നിന്നാണ് 50 ശതമാനം മാടുകളും വാളയാര്‍ കടന്ന് കേരളത്തിലെത്തുന്നത്. എന്നാല്‍ അതിര്‍ത്തി കടക്കുന്നതിനും മുമ്പ് ഗോസംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ മടക്കിയയക്കുകയാണ്. അക്രമം ഭയന്ന് ഇടനിലക്കാര്‍ മാടിനെ ഇറക്കുമതി ചെയ്യുന്നതിനും മടിച്ചുതുടങ്ങിയതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്ന് മാട്ടിറച്ചി അപ്രത്യക്ഷമാവുമെന്നു കച്ചവടക്കാര്‍ വിലയിരുത്തുന്നു. ചെറിയപെരുന്നാളിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മാട്ടിറച്ചി മേഖല പൂര്‍ണമായും നിശ്ചലമാവുന്ന സ്ഥിതിവിശേഷമാണുള്ളത്. 17ാം രാവ് മുതല്‍ക്കാണു ചെറിയപെരുന്നാള്‍ ലക്ഷ്യമിട്ട് മാടുകളെ കച്ചവടക്കാര്‍ ശേഖരിച്ചു തുടങ്ങുന്നത്. ഒരാഴ്ച 15 ലോഡാണ് ശരാശരി ഒരു പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ 20 മുതല്‍ 25 ലോഡ്‌വരെയെന്നാണു കണക്ക്. കഴിഞ്ഞ ഒരാഴ്ച ഈ കണക്ക് അഞ്ചു മുതല്‍ ആറ് ലോഡ് വരെയായി കുറഞ്ഞു. സംസ്ഥാനത്ത് ഒരു വര്‍ഷം മാത്രം 6,552 കോടി രൂപയുടെ മാട്ടിറച്ചി കച്ചവടം നടക്കുന്നുണ്ടെന്നാണു കണക്ക്. അഞ്ച് ലക്ഷത്തില്‍ പരം ആളുകള്‍ നേരിട്ട് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. വര്‍ഷം 2,52,000 ടണ്‍ മാട്ടിറച്ചി ഇവിടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചെറുകിട കശാപ്പുകാരെക്കൂടി ഉള്‍ക്കൊള്ളിച്ചാല്‍ കണക്ക് മൂന്നു ലക്ഷം കടക്കും. നിലവില്‍ ഹോട്ടലുകള്‍ക്കും കാറ്ററിങ് സര്‍വീസുകാര്‍ക്കും നിയന്ത്രിച്ചാണ് ഇറച്ചി വില്‍ക്കുന്നത്. ചെറുകിട കച്ചവടക്കാരില്‍ പലരും ഞായറാഴ്ചകളില്‍ മാത്രമാണു കശാപ്പ് ചെയ്യുന്നത്. ഹോട്ടലുകളിലേക്കുള്ള വില്‍പ്പന നിയന്ത്രിക്കുന്നതോടെ ഇറച്ചി വിഭവങ്ങള്‍ക്കു വില ഉയരുവാനും സാധ്യതയുണ്ട്. കശാപ്പ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച കശാപ്പ് നിര്‍ത്തിവച്ച് മാട്ടിറച്ചി ബന്ദ് ആചരിക്കുവാനുള്ള ഒരുക്കത്തിലാണ് കച്ചവടക്കാര്‍.
Next Story

RELATED STORIES

Share it